ന്യൂഡല്‍ഹി: റഷ്യന്‍ ആക്രമണം രൂക്ഷമായ യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ അടുത്ത മൂന്ന് ദിവസം 26 വിമാനങ്ങള്‍ ബുഡാപെസ്റ്റ്, ബുക്കാറസ്റ്റ് എന്നിവടങ്ങളിലേക്ക് എത്തും. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യന്‍ എംബസി സംഘം യുക്രൈന്‍ അതിര്‍ത്തിയിലേക്ക് തിരിച്ചതായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല.
ആക്രമണം രൂക്ഷമായ കീവിലുള്ള എല്ലാ പൗരന്മാരോടും പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് നീങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഹര്‍കീവ്, സുമി മേഖലയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ പ്രഥമ പരിഗണന നല്‍കും. രക്ഷാദൗത്യം വേഗത്തിലാക്കാന്‍ പോളണ്ടിലെയും സ്ലോവാക്യയിലെയും വിമാനത്താവളങ്ങള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുക്രൈന്റെ പടിഞ്ഞാറല്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കും. അവര്‍ക്ക് ഹംഗറി, സ്ലൊവാക്യ, റൊമാനിയ, പോളണ്ട്, മോള്‍ഡോവ എന്നിവിടങ്ങളിലേക്ക് പോകാം. 7700 പൗരന്മാര്‍ ഈ വഴികളിലൂടെ പുറത്തുകടക്കുകയും 2000 പേര്‍ മടങ്ങുകയും ചെയ്തു. നാലായിരം മുതല്‍ അയ്യായിരം വരെയുള്ളവര്‍ രക്ഷാദൗത്യത്തിനായി കാത്തിരിക്കുകയാണെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കീവില്‍ ഇന്ത്യക്കാര്‍ ഇല്ലെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമായത്. രക്ഷാദൗത്യത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുമായി സംസാരിച്ചു. വ്യോമസേന വിമാനങ്ങള്‍ ബുധനാഴ്ച മുതല്‍ രക്ഷാദൗത്യത്തില്‍ പങ്ക് ചേരും. സി 17 വിമാനം ബുധനാഴ്ച റുമാനിയയില്‍ എത്തും. യുദ്ധസാഹചര്യത്തില്‍ ആവശ്യസാധനങ്ങളുമായി വിമാനം യുക്രൈന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് എത്തിയെന്നും ഹര്‍ഷവര്‍ധന്‍ ശൃംഗ്ല പറഞ്ഞു.