ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ഇനി അതിവേഗ ട്രെയിനുകളുടെ കാലമാണ് വരാനിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ മാസങ്ങൾക്കുള്ളിൽ ഓടിത്തുടങ്ങും. മുംബയ് – അഹമ്മദാബാദ് റൂട്ടിൽ ബുള്ളറ്റ് ട്രെയിൻ ഓടിക്കുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. കൂടുതൽ റൂട്ടുകളിൽ ബുള്ളറ്റ് ട്രെയിൻ ഓടിക്കാനുള്ള സമഗ്ര പദ്ധതികൾക്ക് രൂപം നൽകുകയാണ് റെയിൽവേ. അതിനിടെ, ഇന്ത്യ നിർമിക്കുന്ന ഹൈസ്പീഡ് ട്രെയിൻ വൈകാതെ ട്രാക്കിലേക്ക് എത്തുമെന്ന് വ്യക്തമാക്കുകയാണ് കേന്ദ്ര സർക്കാർ.
മണിക്കൂറിൽ 280 കിലോമീറ്റർ വേഗത്തിൽ കുതിക്കാൻ ശേഷിയുള്ള ഹൈസ്പീഡ് ട്രെയിൻ ആണ് ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്നത്. 2026 ഡിസംബറിൽ തന്നെ ഇവ ട്രാക്കിലേക്ക് എത്തുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. കേന്ദ്രസർക്കാർ പൊതുമേഖല സ്ഥാപനമായ ഭാരത് എർത് മൂവേഴ്സ് ലിമിറ്റഡിനാണ് കരാർ നൽകിയത്. രാജ്യത്തിന്റെ അതിവേഗക്കുതിപ്പിന് വൻ മുതൽക്കൂട്ടാകും ട്രെയിനെന്നും റെയിൽവേയുടെ മുഖച്ഛായ മാറുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുംബയ് – അഹമ്മദാബാദ് റൂട്ടിൽ തന്നെയാണ് ഇന്ത്യ നിർമിക്കുന്ന ട്രെയിനും ഓടിത്തുടങ്ങുക. കരാർ ലഭിച്ച വിവരവും അതോടൊപ്പം കരാറിന്റെ വിശദാംശങ്ങളും ബെമൽ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പൂർണമായും ശീതീകരിച്ച കോച്ചുകളാകും ഹൈസ്പീഡ് ട്രെയിനുകളിൽ ഉപയോഗിക്കുന്നത്. പൂർണമായും ചെയർ കാറുകളാണെങ്കിലും 360 ഡിഗ്രിയിൽ തിരിയാനും അതോടൊപ്പം തന്നെ മുന്നിലേക്ക് മടക്കി വയ്ക്കാനും കഴിയുന്നതാകും സീറ്റുകൾ. ഭിന്നശേഷിസൗഹൃദമായിട്ടായിരിക്കും കോച്ചുകളും ഇരിപ്പിടങ്ങളും രൂപകൽപ്പന ചെയ്യുക.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നുമാണ് രൂപകൽപ്പനയ്ക്കും നിർമാണത്തിനും പുറത്തിറക്കാനുമുള്ള കരാർ ബെമലിന് ലഭിച്ചത്. രണ്ട് ട്രെയിനുകൾക്കാണ് നിലവിൽ കരാർ നൽകിയിരിക്കുന്നത്.