ദില്ലി: ആദ്യമായി വൈഡ് ബോഡി വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി ഇൻഡിഗോ. 30 എ350-900 ജെറ്റുകൾ എയർബസിൽ നിന്ന് ഓർഡർ ചെയ്തു. ഇന്ത്യൻ വ്യോമയാന വിപണിയുടെ 60% വിഹിതം കൈയാളുന്ന ഇൻഡിഗോ, 2030 ഓടെ അതിൻ്റെ ശേഷി ഇരട്ടിയാക്കാനും അന്താരാഷ്ട്ര സർവീസുകൾ വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടാണ് കൂടുതൽ വലിയ വിമാനങ്ങൾ വാങ്ങുന്നത്. 30 വിമാനങ്ങൾ വാങ്ങുന്നതിനു പുറമേ, 70 അധിക എ350 വിമാനങ്ങളുടെ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യ-യുഎസ് നോൺ സ്റ്റോപ് സർവീസുകൾ ആരംഭിക്കാനാണ് പുതിയ വിമാനങ്ങൾ വാങ്ങുന്നതെന്നും സൂചനയുണ്ട്. കഴിഞ്ഞ വർഷം, ഇൻഡിഗോ എയർബസുമായി 500 വിമാനങ്ങൾ വാങ്ങാൻ കരാർ പ്രഖ്യാപിച്ചിരുന്നു. എയർ ഇന്ത്യ, വിസ്താര തുടങ്ങിയ എയർലൈൻ കമ്പനികൾ കൂടുതൽ നോൺസ്റ്റോപ് അന്താരാഷ്ട്ര സർവീസുകൾ ആരംഭിച്ചേക്കുമെന്ന വാർത്തകൾക്കിടെയാണ് ഇൻഡിഗോ പുതിയ വിമാനങ്ങൾ വാങ്ങുന്നത്. ഇന്ത്യയിലെ മെട്രോ നഗരങ്ങളെ അന്താരാഷ്ട്ര നഗരങ്ങളുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും കമ്പനി അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിമാനങ്ങളുടെ കൃത്യമായ കോൺഫിഗറേഷൻ പിന്നീട് തീരുമാനിക്കുമെന്നും മൂന്ന് വർഷം കഴിഞ്ഞ് 2027-ൽ ഡെലിവറികൾ ആരംഭിക്കുമെന്നും ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് പറഞ്ഞു. 30 എയർബസ് എ 350-900 വിമാനങ്ങൾ വാങ്ങുന്നതോടെ ഇൻഡിഗോയെ ആഗോള വ്യോമയാന രംഗത്തെ മുൻനിര കമ്പനികളിലൊന്നാക്കുമെന്നും എയർലൈൻ അറിയിച്ചു.