ഇന്ദിരയുടെ വധം മുതൽ വൈ എസ് ആറിന്റെ മരണം വരെ ; കോൺഗ്രസിൽ ദേശീയ തലത്തിൽ തലപ്പൊക്കത്തിൽ വളരാൻ ഒരു നേതാവും ഉണ്ടായിട്ടില്ല.
അപകട/ദുരൂഹ മരണങ്ങളും ഇല്ലാതായി.
ചരിത്രം ഓർക്കാൻ മാത്രമല്ല,
നിരന്തരം ഓർമ്മിപ്പിക്കപ്പെടാനുള്ളതു കൂടിയാണ് : മുൻ സബ് ജഡ്ജ് എസ് സുദീപ് എഴുതുന്നു

മരണവും രാജ്യവും

Advertisements
എസ്. സുദീപ്

ഇന്ദിരാ വധത്തിൽ സംശയത്തിന്റെ സൂചിമുന ആർ കെ ധവാന്റെ നേർക്കായിരുന്നു.
അന്വേഷണ കമ്മീഷനായിരുന്ന സുപ്രീം കോടതി സിറ്റിംഗ് ജഡ്ജി എം പി താക്കർ അക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
അന്നത്തെ ഗാർഡ് ഡ്യൂട്ടി മാറ്റിയെഴുതിയാണ് ഘാതകരായ ബിയാന്ത് സിംഗിനും സത് വന്ത് സിംഗിനും ഡ്യൂട്ടി നൽകിയത്.
പീറ്റർ ഉസ്തിനോവിന് ഇന്ദിര ടി വി അഭിമുഖം നൽകിയ ശേഷമായിരുന്നു വധം. ഉസ്തിനോവിന്റെ ക്യാമറാ സംഘത്തിലെ ഒരാൾ വധത്തിനു തൊട്ടു ശേഷമുള്ള പതിമൂന്നു മിനിട്ട് ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി. പക്ഷേ ആ ദൃശ്യങ്ങൾ പുറത്തുവന്നില്ല. കേസിന്റെ വിചാരണയിലും ഉപയോഗിച്ചില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഘാതകരിൽ ഒരാളായ ബിയാന്ത് സിംഗ് കീഴടങ്ങിയ ശേഷം നാല്പതു മിനിട്ടു കഴിഞ്ഞ്, ചോദ്യം ചെയ്യുന്നതിനിടെ അയാളെ വെടിവച്ചു കൊന്നു. അയാളിലൂടെ പുറത്തു വരേണ്ട രഹസ്യങ്ങൾ അതോടെ എന്നേയ്ക്കുമായി തുടച്ചു നീക്കപ്പെട്ടു.
ഇന്ദിരയുടെ പ്രൈവറ്റ് സെക്രട്ടറിയും വലംകൈയുമായിരുന്ന ആർ കെ ധവാന്റെ പങ്കാളിത്തത്തിലേയ്ക്കു സംശയത്തിന്റെ സൂചിമുന നീളുന്നതായി ജസ്റ്റിസ് താക്കർ റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ട് ചോർന്നു.
താക്കർ കമ്മീഷൻ റിപ്പോർട്ടിലെ ചോർന്ന ഭാഗങ്ങൾ ആഴ്ച്ചകളോളം പാർലമെന്റിനെ ഇളക്കിമറിച്ചു. 63 പ്രതിപക്ഷ എം പിമാർ സസ്പെന്റ് ചെയ്യപ്പെട്ടു.

കോൺഗ്രസിലെ ധവാൻ വിരുദ്ധപക്ഷം ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചു.
ധവാനെതിരെ അനുദിനം ആരോപണങ്ങൾ ഉയർന്നു. ധവാനെ രാജീവ് ഗാന്ധി പദവികളിൽ നിന്നു നീക്കി.
സഞ്ജയ് ഗാന്ധിയുടെയും വിശ്വസ്തനായിരുന്നു ധവാൻ. ധവാന്റെ പ്രതാപകാലത്തു തന്നെ സഞ്ജയും കൊല്ലപ്പെട്ടിരുന്നു, സ്വയം പറത്തിയ പരിശീലനവിമാനം തകർന്ന്.
സഞ്ജയ് ജീവിച്ചിരുന്നെങ്കിൽ രാജീവ് പ്രധാനമന്ത്രി ആവില്ലായിരുന്നു.

രാജീവിന്റെ കാലത്ത് മലയാളിയായ കെ വാസുദേവപ്പണിക്കരുടെ ദേശീയ തലത്തിലെ ഉയർച്ചയ്ക്ക് കോൺഗ്രസ് സാക്ഷ്യം വഹിച്ചു.
പണിക്കർ രാജീവിന്റെ വിശ്വസ്തനായി. എ ഐ സി സി ജനറൽ സെക്രട്ടറി ആയി നിയമിക്കപ്പെട്ടു.
ദൽഹി ഉപജാപക വൃന്ദത്തിലെ പലരും ആ വളർച്ചയിൽ അസ്വസ്ഥരായി, ധവാനടക്കം.
പണിക്കർ തന്റെ നാല്പത്തിനാലാം വയസിൽ മരണപ്പെട്ടു. ദൽഹിയിൽ വച്ച് മരുന്നു മാറി കുത്തിവച്ചതാണ് മരണകാരണം. വർഷം 1988.

1989-ൽ ധവാൻ രാജീവിന്റെ വിശ്വസ്ത വലയത്തിലേയ്ക്കു തിരിച്ചെത്തി, ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി എന്ന പദവിയിൽ.
1991-ൽ രാജീവ് കൊല്ലപ്പെട്ടു. പാർലമെന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള കോൺഗ്രസ് പ്രചരണ വേദിക്കു സമീപം വച്ച്.
കൊല്ലപ്പെട്ട മറ്റു പതിന്നാലു പേരിൽ കോൺഗ്രസിന്റെ രണ്ടു പ്രാദേശിക നേതാക്കളും ഒരു പ്രവർത്തകയും മാത്രം.
പരിക്കേറ്റ ഏക പ്രമുഖ/ൻ മരഗതം ചന്ദ്രശേഖർ. നേരിയ പരിക്ക്.

മരഗതത്തെ കൂടാതെ മൂപ്പനാരും ജയന്തി നടരാജനുമൊക്കെ അവിടെയുണ്ടായിരുന്നു. അകന്നു നിന്നു, ഒരു പോറൽ പോലും ഏറ്റില്ല.
ഒന്നാം ഘട്ട പാർലമെന്റ്‌ തെരഞ്ഞെടുപ്പിനു ശേഷമായിരുന്നു രാജീവിന്റെ മരണം. തുടർന്ന് അടുത്ത ഘട്ട തെരഞ്ഞെടുപ്പുകൾ മാറ്റിവയ്ക്കപ്പെട്ടു. സഹതാപ തരംഗം കോൺഗ്രസിനു തുണയായി. ആദ്യഘട്ടത്തിൽ ഏതാണ്ട് തുടച്ചുനീക്കപ്പെട്ട കോൺഗ്രസ് സഹതാപ തരംഗത്തിന്റെ പിൻബലത്തിൽ അടുത്ത ഘട്ടങ്ങളിൽ മുന്നേറി. കേവല ഭൂരിപക്ഷമില്ലെങ്കിലും ഭരണം നേടി.

തുടർന്ന് പ്രധാനമന്ത്രിയായ നരസിംഹറാവു പിന്നീട് കോൺഗ്രസിന് അനഭിമതനായി.
റാവുവിന്റെ പിൻഗാമിയായി പ്രസിഡന്റായ സീതാറാം കേസരിയെ സോണിയ അനുകൂലികൾ മുറിയിൽ പൂട്ടിയിട്ട ശേഷം കേസരിയെ പ്രസിഡന്റ് സ്ഥാനത്തു നീക്കുന്ന പ്രമേയം പാസാക്കി. എന്നിട്ട് സോണിയ ഗാന്ധി കോൺഗ്രസ് പ്രസിഡന്റായി ചുമതലയേറ്റു.

1999-ൽ പവാർ-സംഗ്‌മ-താരിഖ് ത്രയം സോണിയയോട് ഇടഞ്ഞ് കോൺഗ്രസ് വിട്ടു.
2000 അവസാനം കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ജിതേന്ദ്രപ്രസാദയും കരുത്തനായ രാജേഷ് പൈലറ്റും സോണിയയുടെ നേതൃത്വത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു.
സോണിയ അദ്ധ്യക്ഷസ്ഥാനം ഒഴിയുന്ന കാര്യം കോൺഗ്രസ് നേതൃത്വം പരിഗണിക്കണമെന്ന് ബിബിസി അഭിമുഖത്തിൽ പൈലറ്റ് ആവശ്യപ്പെട്ടു.
2000 മെയ് 21, 24 തീയതികളിൽ ഝാൻസിയിലും ലഖ്നൗവിലും പൈലറ്റ്-ജിതേന്ദ്ര ദ്വയം നേതൃത്വത്തെ വെല്ലുവിളിച്ച് റാലികൾ നടത്തി. വേദിയിൽ നേതൃത്വത്തെ പരസ്യമായി വിമർശിച്ചു.

ജൂൺ 9-ന് ദുരൂഹമായ ഒരു നീണ്ട കൂടിക്കാഴ്ച്ച നടന്നു, സോണിയയും പൈലറ്റും തമ്മിൽ.
ജൂൺ 11-ന് പൈലറ്റ് സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനമിടിച്ച് പൈലറ്റ് കൊല്ലപ്പെട്ടു.
പൈലറ്റിന്റെ മരണത്തോടെ ജിതേന്ദ്രപ്രസാദ ഒറ്റപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സോണിയയോട് പരാജയപ്പെട്ടു. പൈലറ്റ് ആയിരുന്നു സ്ഥാനാർത്ഥിയെങ്കിൽ ഫലം മറിച്ചാവുമായിരുന്നോ എന്ന ചോദ്യം പൈലറ്റിന്റെ മരണത്തോടെ അനാഥമായി.

2000 നവംബറിലായിരുന്നു ആ മത്സരം.
ജനുവരിയിൽ ജിതേന്ദ്രപ്രസാദയും മരിച്ചു. 62 വയസ്. മരണകാരണം മസ്തിഷ്കാഘാതം.
പിന്നീട് കോൺഗ്രസിൽ അവശേഷിച്ച ദേശീയ തലത്തിൽ തലപ്പൊക്കമുള്ള രണ്ടു നേതാക്കളാണ് – പ്രണബ് മുഖർജി, മാധവ് റാവു സിന്ധ്യ.
പ്രണബിന് ജനപിന്തുണയുണ്ടായിരുന്നില്ല. അദ്ദേഹം തന്നെ അക്കാര്യം ആത്മകഥയിൽ എഴുതിയിട്ടുണ്ട്.
സിന്ധ്യ അങ്ങനെയായിരുന്നില്ല. ജനപിന്തുണയും പ്രശസ്തിയുമുണ്ടായിരുന്നു.

പ്രവർത്തക സമിതിയിലേയ്ക്ക് വൻ ഭൂരിപക്ഷത്തോടെ, അതും സ്വന്തം നിലയിൽ മത്സരിച്ചു ജയിച്ചിരുന്ന നേതാവ്. പ്രധാനമന്ത്രിയാകുമെന്ന് കരുതപ്പെട്ടയാൾ.
2001-ൽ തന്നെ സിന്ധ്യയും കൊല്ലപ്പെട്ടു. ചെറുവിമാനം തകർന്നായിരുന്നു മരണം.
അതിനു ശേഷം മൻമോഹൻ പാവ പ്രധാനമന്ത്രിയായി.
അക്കാലത്ത് കോൺഗ്രസിൽ ഒരു താരോദയം ഉണ്ടായി. വൈ എസ് ആർ റെഡ്ഡി.

2004, 2009 വർഷങ്ങളിൽ അവിഭക്ത ആന്ധ്രാ മുഖ്യമന്ത്രിയായി. ജനസമ്മതിയിൽ വൻ മുന്നേറ്റം നടത്തി.
2004 -ലും 2009-ലും കേന്ദ്രത്തിൽ യു പി എ സർക്കാർ വരാൻ കാരണം റെഡ്ഡിയുടെ ആന്ധ്രയാണ്. ഇരു തെരഞ്ഞെടുപ്പിലും കോൺഗ്രസ് ഏറ്റവും കൂടുതൽ സീറ്റ് നേടിയത് ആന്ധ്രയിൽ നിന്ന്. 29- ഉം 33 -ഉം സീറ്റുകൾ. അതിന്റെ ഏഴയലത്തു പോലും മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ് ഘടകങ്ങൾ വന്നില്ല.
എല്ലാ പാർട്ടികളുടെയും സംസ്ഥാന ഘടകങ്ങൾ എടുത്താൽ 2004-ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ ആന്ധ്ര കോൺഗ്രസ് രണ്ടാമതും 2009 -ൽ ഒന്നാമതും ആയിരുന്നു.

2004 -ൽ 29 സീറ്റ് നേടിയ ആന്ധ്ര കോൺഗ്രസിനു മുകളിൽ സമാജ്‌വാദി മാത്രം -33 സീറ്റ്.
2009-ൽ 20-നു മുകളിൽ സീറ്റ് നേടിയ ആകെ രണ്ട് സംസ്ഥാന ഘടകങ്ങൾ മാത്രം. സമാജ്‌വാദി 23 സീറ്റ്. ആന്ധ്ര കോൺഗ്രസ് 33 സീറ്റ്.
വൈ എസ് ആറും ജഗൻമോഹനും കൂടി രാഹുലിനെ കാണാൻ രാഹുലിന്റെ വസതിയിൽ ചെന്നു. രാഹുൽ ആന്ധ്ര മുഖ്യമന്ത്രിയെ കാത്തു നിർത്തി മറ്റുള്ളവരെ വിളിപ്പിച്ചു. തന്റെ ഹൈദരാബാദ് വിമാന സമയം അറിയിച്ചിട്ടും രാഹുൽ വിളിപ്പിച്ചില്ല. കാണാതെ മടങ്ങേണ്ടി വന്നു.
2009-ൽ തന്നെ വൈ എസ് ആർ കൊല്ലപ്പെട്ടു, ഹെലികോപ്റ്റർ തകർന്ന്.
അതിനു ശേഷം കോൺഗ്രസിൽ ദേശീയ തലത്തിൽ തലപ്പൊക്കത്തിൽ വളരാൻ ഒരു നേതാവും ഉണ്ടായിട്ടില്ല.
അപകട/ദുരൂഹ മരണങ്ങളും ഇല്ലാതായി.
ചരിത്രം ഓർക്കാൻ മാത്രമല്ല,
നിരന്തരം ഓർമ്മിപ്പിക്കപ്പെടാനുള്ളതു കൂടിയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.