ന്യൂഡൽഹി : ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റും മൂന്നാം ദിനം തന്നെ തീർത്ത് ടെസ്റ്റും പരമ്പരയും സ്വന്തമാക്കി ടീം ഇന്ത്യ. ആദ്യ ടെസ്റ്റിനേക്കാൾ ഭേദപ്പെട്ട നിലയിൽ പൊരുതിയ ഓസീസിനെ ജഡേജയുടെ ഏഴു വിക്കറ്റു മികവിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്.
രണ്ടാം ദിവസം രണ്ടാം ഇന്നിംങ്സിൽ 12 ഓവറിൽ ആക്രമിച്ചു കളിച്ച് ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 61 റൺ നേടിയ ഒസ്ട്രേലിയ, മൂന്നാം ദിനം ആദ്യ സെഷനിൽ 19 ഓവർ ബാറ്റ് ചെയ്തപ്പോൾ നേടിയ 52 റണ്ണിനായി നഷ്ടമാക്കിയത് ഒൻപത് വിക്കറ്റാണ്. ഇടം കയ്യിൽ ഇന്ദ്രജാലവുമായി എത്തിയ രവീന്ദ്ര ജഡേജയുടെ കുത്തിത്തിരിയിരുന്ന പന്തുകൾക്ക് ഓസീസ് ബാറ്റർമാർക്ക് മറുപടിയുണ്ടായിരുന്നില്ല. രണ്ടാം ഇന്നിങ്ങ്സിൽ 113 റണ്ണിന് ഓസിസ് നിരയിൽ എല്ലാവരും പുറത്തായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മ ആക്രമിച്ച് കളിച്ചു. എന്നാൽ , പതിവ് പോലെ ആറ് റണ്ണിൽ ടീം നിൽക്കെ ഒരു റൺ മാത്രം എടുത്ത് രാഹുൽ പുറത്തായി. സഹ ഓപ്പണർ മടങ്ങിയിട്ടും ആക്രമണം അവസാനിപ്പിക്കാതെ ആയിരുന്നു രോഹിത്തിന്റെ കളി. എന്നാൽ , പുജാരയുമായി ഉണ്ടായ ആശയക്കുഴപ്പത്തിന്റെ പേരിൽ രോഹിത്ത് റണ്ണൗട്ടായി. 20 പന്തിൽ ട്വന്റി ട്വന്റി ശൈലിയിൽ രണ്ടു സിക്സും മൂന്ന് ഫോറും പറത്തിയാണ് രോഹിത് 31 റൺ നേടിയത്.
രോഹിത്തിന് പിന്നാലെ എത്തിയ കോഹ്ലി 20 റണ്ണെടുത്ത് മടങ്ങി. 88 ൽ 12 റണ്ണെടുത്ത അയ്യരും മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. എന്നാൽ ഇന്ത്യൻ വൻമതിൽ ചേതേശ്വർ പൂജാരയും (31) , ശ്രീ കാർ ഭരതും (23) ചേർന്ന് ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചു. ഓസീസ് ബൗളർമാരിൽ ലയോൺ രണ്ടും മർഫി ഒരു വിക്കറ്റും നേടി.
നേരത്തെ, ആദ്യ ദിനം ആറു റൺ എടുത്ത ഖവാജയുടെ വിക്കറ്റ് മാത്രമാണ് ഓസീസിന് നഷ്ടമായിരുന്നത്. എന്നാൽ, രണ്ടാം ദിനം ആദ്യ ഓവറിൽ തന്നെ ട്രാവിസ് ഹെഡിനെ വീഴ്ത്തിയ അശ്വിൻ ഓസീസ് ആക്രമണത്തിന് തടയിട്ടു. 39 റൺ എടുത്ത ഹെഡ് നാലു റൺ കൂട്ടിച്ചേർത്തപ്പോഴേയ്ക്കും അശ്വിന്റെ ടേൺ അറിയാതെ ബാറ്റ് വച്ച് ഭരതിന് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ, അശ്വിനെ പേടിച്ചു പേടിച്ചു കളിച്ച സ്മിത്ത് രണ്ടക്കം തികയ്ക്കാനാവാതെ വിക്കറ്റിന് മുന്നിൽ തന്നെ കുടുക്കി. ഒൻപത് റൺ മാത്രമായിരുന്നു സ്മിത്തിന്റെ സമ്പാദ്യം.
അശ്വിനെ പ്രതിരോധിച്ചും, ജഡേജയെ ആക്രമിച്ചും കളിക്കാൻ ശ്രമിച്ച ലെബുഷൈന്റെ വിക്കറ്റ് തെറിച്ചു വീഴുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. 50 പന്തിൽ 35 റണ്ണെടുത്ത ലെബുഷൈൻ പോയതോടെ ഓസീസിന്റെ ബാറ്റിംങ് നട്ടെല്ലും തകർന്നു തരിപ്പണമായി. 95 ന് നാവ് എന്ന നിലയിൽ നിന്ന ഓസീസ് 23 ആം ഓവറിന്റെ രണ്ടാം പന്ത് ആയപ്പോഴേയ്ക്കും 95 ന് എഴ് എന്ന നിലയിൽ കൂപ്പ് കുത്തി. ലബുഷൈനു പിന്നാലെ, കമ്മിൻസിനെയും ഹാൻഡ് കോംബിനെയും ജഡേജ വീഴ്ത്തിയപ്പോൾ, റെൻഷോയുടെ വിക്കറ്റ് അശ്വിൻ പിഴുതു.
അലക്സ് കാരിയും നതാൻ ലയോണും ചേർത്തു നടത്തിയ ചെറുത്തു നിൽപ്പാണ് ഓസീസ് സ്കോർ നൂറ് കടത്തിയത്. 110 ൽ നിൽക്കെ അലക്സ് കാരിയെ ക്ലീൻ ബൗൾ ചെയ്ത ജഡേജ, 113 ൽ നഥാൻ ലയോണിനെയും, ഇതേ സ്കോറിൽ തന്നെ മാത്യു കുഹ്മാനെയും ക്ലീൻ ബൗൾ ചെയ്ത് ഓസീസ് ഇന്നിംങ്സിന് തിരശീലയിട്ടു. ജഡേജയുടെ ഏഴു വിക്കറ്റിൽ അഞ്ചും ക്ലീൻ ബൗൾഡ് ആയിരുന്നു എന്നത് ഇന്ത്യൻ സ്പിന്നർമാരുടെ ആധികാരികത വ്യക്തമാക്കുന്നതായി. മൂന്നാം ദിനത്തിലെ ഇന്ത്യൻ ഓവറുകൾ മുഴുവൻ എറിഞ്ഞതും സ്പിന്നർമാരായ അശ്വിനും, ജഡേജയും ചേർന്നാണ്.