കോഴിക്കോട്: കെ. എല്‍.എഫ്. വേദിയില്‍ എംടി വാസുദേവൻനായര്‍ നടത്തിയ പ്രസംഗത്തില്‍ ബാഹ്യഇടപെടല്‍ ഉണ്ടോയെന്ന് പരിശോധിച്ച് ആഭ്യന്തര വകുപ്പ്. ഇടതു ചേരിയില്‍ നിന്നുതന്നെയുള്ള ചിലരുടെ ഇടപെടലിലാണോ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി ഇത്തരത്തില്‍ പ്രസംഗിച്ചതെന്ന സംശയത്തിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണം ആവശ്യപ്പെടുകയും രഹസ്യാന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തുകയും ചെയ്തത്. തുടര്‍ന്ന് സംസ്ഥാന ഇന്റലിജൻസ് വിഭാഗം എംടിയുടെ ലേഖനം പ്രസിദ്ധീകരിച്ച പുസ്തകം ഉള്‍പ്പടെ പരിശോധിച്ചു.
ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും പഴയ പ്രസംഗം ആവര്‍ത്തിക്കുകയാണ് ഉണ്ടായതെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. പുസ്തകത്തില്‍ വന്ന ലേഖനത്തിന്റെ ഫോട്ടോ കോപ്പി അടക്കം ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറും. അധികാര രാഷ്ട്രീയത്തേക്കുറിച്ചുള്ള എംടിയുടെ വിമര്‍ശനം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരു അംഗീകൃതമാര്‍ഗമാണെന്ന് എംടി കെ.എല്‍.എഫ്. വേദിയില്‍ പറഞ്ഞിരുന്നു. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിത്യമോ ആവാം. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവെച്ചാല്‍ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു.