തിരുവനന്തപുരം: പീഡനക്കേസിൽ തിരുവനന്തപുരത്ത് അറസ്റ്റിലായ ടിക് ടോക്- റീൽസ് താരത്തിനെതിരെ വീണ്ടും പരാതി. വെള്ളല്ലൂർ കീട്ടുവാര്യത്ത് വീട്ടിൽ വിനീതി(25)നെതിരെയാണ് കൂടുതൽ പരാതികൾ പോലീസിന് ലഭിച്ചത്. ഇയാൾ സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങൾ പകർത്തിയെന്നും ഇ-മെയിൽ, ഇൻസ്റ്റഗ്രാം ഐഡികളും പാസ് വേർഡും കൈക്കലാക്കി ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് വീട്ടമ്മയായ യുവതിയാണ് പുതിയ പരാതി നൽകിയിരിക്കുന്നത്. ഇതിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും താരമായ വിനീത് പീഡനക്കേസിൽ അറസ്റ്റിലായ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇയാൾക്കെതിരേ കൂടുതൽ പരാതികൾ വരുന്നത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട വിനീത്, പിന്നീട് സ്വകാര്യദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നാണ് വിവാഹിതയായ യുവതി നൽകിയ പരാതിയിൽ ആരോപിക്കുന്നത്. ഇവരുടെ ഇ-മെയിൽ ഐഡിയുടെയും ഇൻസ്റ്റഗ്രാം ഐഡിയുടെയും പാസ് വേർഡുകൾ ഇയാൾ കൈക്കലാക്കിയിരുന്നു. ഇയാളുടെ തനിനിറം വ്യക്തമായതോടെ ഇവർ പിന്നീട് വിനീതിന്റെ ഫോൺകോളുകൾ എടുത്തിരുന്നില്ല. ഇതോടെ വിനീത് യുവതിയുടെ ഐഡിയിൽനിന്ന് സ്റ്റോറികളും ചിത്രങ്ങളും പോസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിനീത് മർദിച്ചെന്ന് പറഞ്ഞ് ചില കോളേജ് വിദ്യാർഥിനികൾ പോലീസിനെ ഫോണിൽവിളിച്ച് പരാതിപ്പെട്ടിരുന്നു. ശാരീരികമായി ചൂഷണം ചെയ്തിട്ടില്ലെങ്കിലും ഇയാൾ മർദിച്ചെന്നാണ് വിദ്യാർഥിനികൾ പറഞ്ഞത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇവരുമായും വിനീത് സൗഹൃദം സ്ഥാപിച്ചത്. പിന്നീട് മോശമായി പെരുമാറാൻ തുടങ്ങിയതോടെ പലരും സൗഹൃദത്തിൽനിന്ന് പിന്മാറി. ഫോൺ എടുക്കാനും തയ്യാറായില്ല. ഇതിന്റെ പേരിൽ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതായും ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനികൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇവരാരും രേഖാമൂലം പരാതി നൽകാൻ തയ്യാറായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
വിനീത് അറസ്റ്റിലായെന്ന വാർത്ത പുറത്തുവന്നതോടെ ഇയാൾക്കെതിരേ ഇനിയും പരാതികൾ വരുമെന്നാണ് പോലീസ് കരുതുന്നത്. ഇയാൾക്കെതിരേ നേരത്തെ കന്റോൺമെന്റ് സ്റ്റേഷനിൽ ബൈക്ക് മോഷണത്തിനും കിളിമാനൂരിൽ അടിപിടിയുണ്ടാക്കിയതിനും കേസുകളുണ്ടായിരുന്നു. ശനിയാഴ്ചയാണ് ടിക് ടോക് താരമായ വിനീതിനെ കന്റോൺമെന്റ് എ.സി. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പീഡനക്കേസിൽ അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയെ ഹോട്ടൽമുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു പരാതി പുതിയ കാർ വാങ്ങാൻ ഒപ്പംവരണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ വിളിച്ചുവരുത്തിയതെന്നും പരാതിയിലുണ്ടായിരുന്നു.
കസ്റ്റഡിയിലെടുത്തതിന് പിന്നാലെ വിനീതിന്റെ ഫോൺ പരിശോധിച്ച പോലീസ് സംഘത്തിന് ഞെട്ടിക്കുന്നവിവരങ്ങളാണ് ലഭിച്ചത്. നിരവധി പെൺകുട്ടികളുമായും വീട്ടമ്മമാരുമായും ഇയാൾക്ക് അടുപ്പമുണ്ടായിരുന്നു. ഇവരിൽ പലരുടെയും സ്വകാര്യദൃശ്യങ്ങളും ചാറ്റുകളും പ്രതി ഫോണിൽ സൂക്ഷിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ വൈറലാകാനുള്ള ടിപ്സ് പറഞ്ഞുതരാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ പെൺകുട്ടികളുമായും വീട്ടമ്മമാരുമായും സൗഹൃദം സ്ഥാപിച്ചിരുന്നത്. പിന്നീട് ഇത് മുതലെടുത്ത് ഇവരെ ചൂഷണം ചെയ്യുകയായിരുന്നു.
പരാതി ഉയർന്നതിന് പിന്നാലെ അഞ്ചുലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ടായിരുന്ന പ്രധാന ഇൻസ്റ്റഗ്രാം ഐഡി വിനീത് ഡിലീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ മറ്റൊരു ഐഡിയിലും ഇയാളെ പതിനായിരത്തിലേറെ പേരാണ് ഫോളോ ചെയ്തിരുന്നത്. മീശ പിരിച്ചുള്ള പല വീഡിയോസും ഈ ഐഡിയിൽ കാണാം. മീശ ഫാൻ ഗേൾ എന്ന ഐഡിയിലും ഇയാളുടെ വീഡിയോകൾ നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്നു.കാര്യമായ ജോലിയൊന്നും ഇല്ലാത്തയാളാണ് വിനീതെന്നാണ് പോലീസ് നൽകുന്നവിവരം. എന്നാൽ പരിചയപ്പെടുന്ന പെൺകുട്ടികളോട് താൻ പോലീസിൽ ആയിരുന്നുവെന്നും ഒരു സ്വകാര്യ ചാനലിലെ ജീവനക്കാരനാണെന്നും ഇയാൾ പറഞ്ഞിരുന്നു.
നേരത്തെ ടിക് ടോക്കിലായിരുന്നു വിനീത് സജീവമായുണ്ടായിരുന്നത്. ടിക് ടോക്കിന് നിരോധനം വന്നതോടെ ഇൻസ്റ്റഗ്രാമിലേക്ക് ചുവടുമാറ്റി. ഇൻസ്റ്റഗ്രാമിൽ ഇയാളുടെ ഫോളോവേഴ്സിൽ കൂടുതൽപേരും പെൺകുട്ടികളായിരുന്നു. അതിനിടെ, ഇയാൾക്കൊപ്പം വീഡിയോ ചെയ്തിരുന്ന പല ഇൻസ്റ്റ ഐഡികളും ഇതിനോടകം അപ്രത്യക്ഷമായിട്ടുണ്ട്. പീഡനക്കേസിൽ അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുന്നതോടെ ചൂഷണത്തിന്റെ കൂടുതൽവിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് സംഘം നൽകുന്ന സൂചന. നിലവിൽ തമ്പാനൂർ സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാൾക്കെതിരേയുള്ള കേസുകൾ അന്വേഷിക്കുന്നത്.