ചെന്നൈ : ഇത്തിഹാദ് എയർവേഴ്സ് ഐ.പി.എല്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന്റെ ഔദ്യോഗിക സ്പോണ്‍സറായി. ടീം ഒഫീഷ്യലുകളുടെയും താരങ്ങളുടെയും ഇത്തിഹാദ് ക്യാബിൻ ക്രൂ അംഗങ്ങളുടെയും സാന്നിധ്യത്തില്‍ ചെന്നൈയിലെ കലൈവാണർ അരങ്ങമില് നടന്ന പരിപാടിയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.അടുത്ത സീസണ് മുതല്‍ ഇത്തിഹാദിന്റെ ലോഗോ ടീമംഗങ്ങളുടെ ജഴ്സിയില്‍ പ്രദർശിപ്പിക്കും.
ബോളിവുഡ് താരം കത്രീന കൈഫിനെ ബ്രാൻഡ് അംബാസഡറായി യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചെന്നൈ സൂപ്പർ കിങ്സിനെ സ്വാഗതം ചെയ്യുന്നതിലൂടെ അസാധാരണമായ യാത്രക്കാണ് തുടക്കം കുറിക്കുന്നതെന്ന് ഇത്തിഹാദ് എയർവേസിലെ ചീഫ് റവന്യൂ ഓഫീസർ അരിക് ഡെ പറഞ്ഞു. സഹകരണം ഇത്തിഹാദിന്റെയും ചെന്നൈ സൂപ്പർ കിങ്സിന്റെയും യോജിച്ച പ്രവർത്തനങ്ങളുടെ സാക്ഷ്യപത്രമാണെന്നും ആരാധകർക്കും യാത്രക്കാർക്കും അവിസ്മരണീയമായ നിമിഷങ്ങള്‍ സൃഷ്ടിക്കാനും ശക്തമായ ബന്ധം സ്ഥാപിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.