ടെഹ്റാൻ: അന്താരാഷ്ട്ര ആണവോർജ സമിതിയുമായി ഇനി ഇറാൻ സഹകരിക്കില്ല. ആണവോർജ സമിതിയുമായുള്ള സഹകരണം അവസാനിപ്പിച്ചതായി ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ പ്രഖ്യാപിച്ചു. ഇസ്രായേലുമായുള്ള വെടിനിർത്തലിനും ഇറാന്റെ ആണവോർജ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിനും ദിവസങ്ങൾക്ക് ശേഷമാണ് പ്രഖ്യാപനം.
ഐഎഇഎയുമായുള്ള സഹകരണം താൽക്കാലികമായി നിർത്തി വയ്ക്കുന്നതിനുള്ള നിയമം നേരത്തെ ഇറാൻ പാർലമെന്റ് പാസാക്കിയിരുന്നു. ഇതിന് ശേഷമാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. ഇറാൻ ആണവോർജ കേന്ദ്രങ്ങളിൽ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തിൽ കാര്യമായ പ്രതികരണം നടത്താത്ത അന്താരാഷ്ട്ര ആണവോർജ സമിതിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് തീരുമാനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ യുദ്ധസമയത്ത് ഇസ്രയേലും അമേരിക്കയും മിസൈൽ ആക്രമണത്തിൽ തകർത്ത ആണവ കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള ഐഎഇഎ മേധാവി റാഫേൽ ഗ്രോസിയുടെ അഭ്യർത്ഥന ഇറാൻ നിരസിച്ചിരുന്നു. അമേരിക്കൻ ആക്രമണത്തിൽ ഫോർഡോ ആണവ നിലയത്തിന് ഭീമമായ നാശ നഷ്ടമുണ്ടായെന്നും തകർച്ചയുടെ കണക്കെടുപ്പ് നടക്കുന്നുവെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു.
ഇസ്രയേലുമായുള്ള സംഘർഷത്തിൽ ശാശ്വത സമാധാനത്തിനുള്ള നിർദ്ദേശങ്ങളാണ് ഇറാൻ മുന്നോട്ട് വെക്കുന്നത്. വെടിനിർത്തൽ രേഖാമൂലം ആക്കണമെന്നും ലംഘിക്കില്ലെന്ന് ഇസ്രയേൽ ഉറപ്പുകൾ നൽകണമെന്നുമാണ് ഇറാൻ മുന്നോട്ട് വെക്കുന്ന പ്രധാന നിർദേശം. ഒരുറപ്പുകളുമില്ലാതെ നിലവിൽ വന്ന വെടിനിർത്തൽ ലംഘിച്ച് ഇസ്രയേൽ ഏത് നിമിഷവും ആക്രമണം പുനരാരംഭിക്കുമെന്ന് ഇറാൻ കണക്കാക്കുന്നു.
സുരക്ഷ ഉറപ്പാക്കുക. നീതി ലഭ്യമാക്കുക. ഇത് രണ്ടുമാണ് നീണ്ടു നിൽക്കുന്ന സമാധാനത്തിന് ഇറാൻ മുന്നോട്ടുവെക്കുന്ന ഫോർമുല. കേവല ധാരണക്കപ്പുറം വെടിനിർത്തൽ ഔദ്യോഗികമായി ഉറപ്പാകണം. ഗാസയിലെയോ ലബനലേതോ പോലെ ഇസ്രയേലിന് തോന്നുമ്പോൾ ലംഘിക്കാൻ കഴിയുന്നതാകരുത്. ഇതിന് യു.എൻ അംഗരാജ്യങ്ങൾ ഇടപെടണം.
ഇതോടൊപ്പം ആക്രമണത്തിൽ നീതിതേടി ഇറാൻ അന്താരാഷ്ട്ര നീതിന്യായ കോടതിയിലും യുഎന്നിലും സമ്മർദം ശക്തമാക്കുന്നുണ്ട്. ഒന്നുകിൽ ശാശ്വതമായ സമാധാനം അല്ലെങ്കിൽ എന്നെന്നേക്കുമുള്ള സംഘർഷം. ഏത് തെരഞ്ഞെടുക്കണമെന്ന ഘട്ടത്തിലാണെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി ചൂണ്ടിക്കാട്ടുന്നു. ഇറാൻ-ഇസ്രയേൽ എന്നതിലുപരി മേഖലയുടെ ആകെ ഫോർമുലയായാണ് അബ്ബാസ് അരഗ്ച്ചി ഇത് മുന്നോട്ട് വെക്കുന്നത്. പ്രശ്നങ്ങൾ ഉന്നയിക്കാൻ ഇസ്ലാമിക് മനുഷ്യാവകാശ കോടതി സ്ഥാപിക്കുന്നതിന്റെ സാധ്യതകളും അരഗ്ച്ചി പറയുന്നു.