ന്യൂഡൽഹി: ഇറാനിലെ കെര്‍മിൻ നഗരത്തില്‍ നടന്ന ഇരട്ട സ്ഫോടനത്തില്‍ ദുഃഖം രേഖപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍. ഇറാൻ സര്‍ക്കാരിനോടും ജനങ്ങളോടുമുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇറാനില്‍ നടന്ന ഭീകരമായ സ്ഫോടനത്തില്‍ ഞങ്ങള്‍ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുന്നു. ഈ ദുഷ്കരമായ സാഹചര്യത്തില്‍ ഇറാൻ സര്‍ക്കാരിനോടും ജനങ്ങളോടമുളള ഐക്യദാര്‍ഢ്യം ഇന്ത്യ പ്രകടിപ്പിക്കുന്നു. ഇരകളെയും കുടുംബത്തിനെയും പരിക്കേറ്റവരെയും ഇന്ത്യ ഈ അവസരത്തില്‍ ഓര്‍ക്കുന്നെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ എക്സില്‍ കുറിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ്, ഇറാൻ സേനാ ഉദ്യോഗസ്ഥനായ ഖസീം സൊലൈമാനിയുടെ അനുസ്മരണ ചടങ്ങിനിടെ ഇരട്ട സ്ഫോടനം നടക്കുന്നത്. ആക്രമണത്തില്‍ 103 പേര്‍ മരിക്കുകയും 188 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2020ല്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് റെവല്യൂഷണറി ഗാര്‍ഡ് ജനറലായിരുന്ന സൊലൈമാനി കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന്‍റെ നാലാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന പദയാത്രയിലാണ് സ്ഫോടനം നടക്കുന്നത്. പത്ത് മിനിറ്റുകളുടെ ഇടവേളകളിലാണ് രണ്ട് സ്ഫോടനവും നടന്നത്.