ആയിരം ബാലസ്റ്റിക്ക് മിസൈലുകൾ തയ്യാർ ! യുദ്ധത്തിന് ഒരുങ്ങി ഇറാൻ

ടെഹ്‌റാൻ: ഏതു നിമിഷവും ഇസ്രായേല്‍ ആക്രമണത്തിനു സാധ്യത നിലനില്‍ക്കെ യുദ്ധത്തിനൊരുങ്ങാൻ സൈന്യത്തിനു നിർദേശം നല്‍കി ഇറാൻ പരമോന്നത നതാവ് ആയത്തുല്ല അലി ഖാംനഇ.നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ ആയിരത്തോളം ബാലിസ്റ്റിക് മിസൈലുകള്‍ ആക്രമണത്തിനായി സജ്ജമാക്കിയതായാണു വിവരം. നാല് ഇറാൻ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ‘ന്യൂയോർക്ക് ടൈംസ്’ ആണ് വാർത്ത പുറത്തുവിട്ടത്. ഇസ്രായേല്‍ ആക്രമണത്തിന്റെ തോത് അനുസരിച്ചു തിരിച്ചടിക്കാനാണു നിലവില്‍ തീരുമാനമെന്നാണ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ആയിരത്തിലേറെ ബാലിസ്റ്റിക് മിസൈലുകള്‍ പ്രത്യാക്രമണത്തിനായി സജ്ജമാക്കിയിട്ടുണ്ട്. സൈനിക താവളങ്ങള്‍, മിസൈല്‍ ഡിപ്പോ ഉള്‍പ്പെടെ ലക്ഷ്യമിട്ട് ചെറിയ തോതിലുള്ള ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നതെങ്കില്‍ ഇറാൻ തിരിച്ചടിയെ കുറിച്ചു തന്നെ ആലോചിക്കുന്നില്ലെന്നും വെളിപ്പെടുത്തുന്നുണ്ട്. അതേസമയം, എണ്ണ-ഊർജ കേന്ദ്രങ്ങളെയും ആണവ നിലയങ്ങളെയും ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റിപ്പോർട്ടില്‍ പറയുന്നു. മുതിർന്ന ഉദ്യോഗസ്ഥരെയോ നേതാക്കളെയോ വധിച്ചാലും പ്രത്യാക്രമണം കടുപ്പിക്കും. ഖാംനഇയാണ് ഇത്തരമൊരു നിർദേശം നല്‍കിയിരിക്കുന്നതെന്നാണ് ഇറാൻ വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. ഒക്ടോബർ ഒന്നിനായിരുന്നു തെല്‍ അവീവ് ഉള്‍പ്പെടെയുള്ള ഇസ്രായേല്‍ നഗരങ്ങളില്‍ ഇറാൻ വൻ മിസൈല്‍ ആക്രമണം നടത്തിയത്. മൊസാദ് ആസ്ഥാനം, രണ്ട് വ്യോമതാവളങ്ങള്‍ ഉള്‍പ്പെടെ അതീവ സുരക്ഷാ കേന്ദ്രങ്ങളിലും ആക്രമണം നാശം വിതച്ചിരുന്നു. 200ഓളം മിസൈലുകളാണ് ഇറാൻ ഇസ്രായേലിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അയച്ചത്. ഇസ്രായേല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. സംഭവത്തിലെ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക് ഇസ്രായേല്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Advertisements

Hot Topics

Related Articles