അജ്‌മാൻ : ഇറാനിലെ പ്രശസ്‌തമായ ഷാഹിദ് ബെഹേഷ്തി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡണ്ട് ഡോ. അലിരേസ സാലിയുടെ നേതൃത്വത്തിൽ ഉന്നതതല പ്രതിനിധി സംഘം തുംബെ മെഡിസിറ്റി സന്ദർശിച്ചു. ഇരു സ്ഥാപനങ്ങൾക്കും പ്രയോജനപ്രദമായ ദീർഘകാല വിജ്ഞാന സഹകരണ പദ്ധതികൾക്ക് തുടക്കം കുറിച്ചു.
തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡണ്ട് ഡോ. തുംബൈ മൊയ്തീൻ, വൈസ് പ്രസിഡന്റ് അക്ബർ മൊയ്തീൻ തുംബൈ, തുംബൈ ഹെൽത്ത് കെയർ മാനേജ്‌മെൻ്റിലെ പ്രമുഖരും ചേർന്ന് പ്രതിനിധി സംഘത്തെ സ്വീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ വിദ്യാഭ്യാസ ഗവേഷണ സൗകര്യങ്ങൾ, തുംബൈ റീഹാബിലിറ്റേഷൻ ഹോസ്പിറ്റൽ, തുംബൈ ദന്തൽ ഹോസ്പിറ്റൽ, തുംബൈ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ തുടങ്ങിയ സൗകര്യങ്ങൾ പ്രതിനിധി സംഘം സന്ദർശിച്ചു.
മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗവേഷണം തുടങ്ങിയ മേഖലകളിൽ തുംബെ ഗ്രൂപ്പ് നടത്തുന്ന പ്രോജക്റ്റുകൾ സംബന്ധിച്ച ചർച്ചകൾ നടന്നു.
തുംബെ മെഡിസിറ്റിയിലെ സൗകര്യങ്ങളും അക്കാദമിക് പാഠ്യപദ്ധതിയുടെ ഗുണനിലവാരവും ഗവേഷണ സൗകര്യങ്ങളും ശ്ലാഖനീയമാണെന്നും, ഈ സന്ദർശനം ദീർഘകാല വിജ്ഞാന സഹകരണ പദ്ധതികൾക്ക് തുടക്കം കുറിയ്ക്കുമെന്നും ഷാഹിദ് ബെഹേഷ്തി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസ് പ്രസിഡണ്ട് ഡോ. അലിരേസ സാലി പറഞ്ഞു.
ഒരു സമ്പൂർണ്ണ അക്കാദമിക് ഹെൽത്ത് സിസ്റ്റം സ്ഥാപിക്കാനുള്ള ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ശ്രമങ്ങളെ പ്രതിനിധികൾ അഭിനന്ദിച്ചു.
ഇറാനിലെ പ്രശസ്‌തമായ ഷാഹിദ് ബെഹെഷ്തി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസുമായി ധാരണാപത്രം ഒപ്പിടുന്നതിലൂടെ ഇറാനിലെ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുമായി ശക്തമായ ബന്ധം സ്ഥാപിക്കാൻ കഴിയുമെന്നും, ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും വിജ്ഞാന വിനിമയത്തിനും പരസ്‌പരം സഹകരിച്ചു പ്രവർത്തിയ്ക്കുമെന്നും തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡണ്ട് ഡോ. തുംബൈ മൊയ്തീൻ പ്രസ്താവിച്ചു.