ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം: അറുപതിലധികം യുദ്ധവിമാനങ്ങളും മിസൈലുകളും ബോംബുകളുമുള്‍പ്പെടെ ആക്രമണം

ടെഹ്റാൻ: ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം തുടരുന്നു. ഇസ്രയേലില്‍ ആശുപത്രിയടക്കം ആക്രമിക്കപ്പെട്ടതോടെ വെള്ളിയാഴ്ച കനത്ത ആക്രമണമാണ് ഇസ്രേയല്‍ സേന നടത്തിയത്.ഇറാനിലെ ഓർഗനൈസേഷൻ ഓഫ് ഡിഫൻസീവ് ഇന്നൊവേഷൻ ആൻഡ് റിസർച്ച്‌ (എസ്പിഎൻഡി) സ്ഥാപനത്തിന് നേരെയും ആക്രമണമുണ്ടായി. ഇറാന്റെ ആണവായുധ നിർമാണത്തില്‍ പ്രധാനപങ്കുവഹിക്കുന്ന സ്ഥാപനമാണ് എസ്പിഎൻഡി.

Advertisements

അറുപതിലധികം യുദ്ധവിമാനങ്ങളും മിസൈലുകളും ബോംബുകളുമുള്‍പ്പെടെ ഏകദേശം 120 ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇസ്രയേല്‍ വെള്ളിയാഴ്ച ആക്രമണം നടത്തിയതെന്നാണ് വിവരം.എസ്പിഎൻഡി ഉള്‍പ്പെടെ ഇറാനിലെ പന്ത്രണ്ടോളം സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രയേല്‍ കനത്ത ആക്രമണമാണ് നടത്തിയത്. ടെഹ്റാനിലെ മിസൈല്‍ നിർമാണ കേന്ദ്രങ്ങള്‍ക്കുനേരെയും വെള്ളിയാഴ്ച ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സേന അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇറാന്റെ പ്രതിരോധരംഗത്ത് നിർണായകമാണ് എസ്പിഎൻഡിയുടെ സാന്നിധ്യം. ആയുധനിർമാണത്തിലും നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലും എസ്പിഎൻഡി വലിയ പങ്കാണ് വഹിക്കുന്നത്. 2011-ലാണ് ഇത് സ്ഥാപിക്കുന്നത്. ഇറാന്റെ ആണവായുധ പദ്ധതിയുടെ ശില്‍പ്പിയെന്ന് അറിയപ്പെടുന്ന ഫഖ്രി സദേയാണ് ഇത് സ്ഥാപിക്കുന്നത്. ആക്രമണത്തില്‍ ആണവായുധപദ്ധതിയുടെ സുപ്രധാനകേന്ദ്രം തകർത്തതായാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇസ്രയേല്‍ സേന പുറത്തുവിട്ടിട്ടില്ല.

അയവില്ലാതെ തുടരുന്ന ഇസ്രേയല്‍-ഇറാൻ സംഘർഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുകയാണ്. വിവിധ ലോകരാജ്യങ്ങള്‍ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അത് പൂർണമായി ലക്ഷ്യം കണ്ടിട്ടില്ല. നയതന്ത്രഇടപെടലുകളും പുരോഗമിക്കുകയാണ്. ഓപ്പറേഷൻ റൈസിങ് ലയണ്‍ എന്ന പേരിലാണ് ഇറാനെതിരായ സൈനിക നടപടി ഇസ്രയേല്‍ തുടങ്ങിയത്. ഇറാന്റെ ആണവ പദ്ധതികള്‍ തടയുകയായിരുന്നു ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേലിന്റെ വാദം. ആണവായുധമുണ്ടാക്കാനുള്ള ഘട്ടത്തിലേക്ക് ഇറാൻ അടുത്തുവെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. ഇസ്രയേല്‍ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ ട്രൂ പ്രോമിസ് III എന്ന പേരിലാണ് ഇറാൻ പ്രത്യാക്രമണം നടത്തുന്നത്.

വ്യാഴാഴ്ച ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ബീർബെഷയിലെ സൊറോക മെഡിക്കല്‍ സെന്റർ തകർന്നിരുന്നു. തെക്കൻ ഇസ്രയേലിലെ ഏറ്റവുംവലിയ ആശുപത്രിയാണിത്. ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള അലി ഖമീനിയെ ജീവനോടെ വിടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് മുന്നറിയിപ്പുനല്‍കി.

Hot Topics

Related Articles