തിരുവനന്തപുരം: ബ്രിട്ടനിലെ പുതിയ പ്രാദേശിക വിമാനക്കമ്പനി ഫ്ളൈബിയുടെ വാണിജ്യ പ്രവര്‍ത്തനങ്ങളെ കരുത്താര്‍ജ്ജിപ്പിക്കാന്‍ ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ‘ഐഫ്ളൈ റെസ്’ തിരഞ്ഞെടുത്തു. ബര്‍മിംഗ്ഹാം, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ബ്രിട്ടണില്‍ നൂറുകണക്കിന് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന ഫ്ളൈബിയുടെ വിമാന സര്‍വ്വീസ് ഉടനെ ആരംഭിക്കും.
ഐബിഎസിന്‍റെ പുതുതലമുറ സൊലൂഷനായ ഐഫ്ളൈ റെസ് ഉപഭോക്തൃ കേന്ദ്രീകൃത പാസഞ്ചര്‍ സര്‍വ്വീസ് സിസ്റ്റമാണ് (പിഎസ്എസ്) ഫ്ളൈബിക്ക് ലഭ്യമാക്കുന്നത്. ഏറ്റവും മികച്ച ഓഫര്‍ ആന്‍ഡ് ഓര്‍ഡര്‍ കൈകാര്യ ശേഷി ഉറപ്പാക്കുന്നതിനു പുറമേ അയാട്ടയുടെ എന്‍ഡിസി – വണ്‍ ഓഡര്‍ മാനദണ്ഡങ്ങളേയും പിന്തുണയ്ക്കുന്നുണ്ട്. എയര്‍ലൈന്‍ പോര്‍ട്ടല്‍, ഉപഭോക്താക്കള്‍ക്കുളള ആധുനിക ബുക്കിംഗ് എഞ്ചിന്‍, വിമാനത്തിനുള്ളിലെ മെര്‍ച്ചന്‍റൈസിങ്, ചെലവ് കുറഞ്ഞ ചാനലിലൂടെ പരോക്ഷ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനുള്ള സമഗ്ര ഏജന്‍സി പോര്‍ട്ടല്‍ എന്നിവയും ഐഫ്ളൈ റെസില്‍ ഉണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിമാനക്കമ്പനിയുടെ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഐബിഎസ് സോഫ്റ്റ് വെയറുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഫ്ളൈബി സിഇഒ ഡേവ് ഫ്ളീഗര്‍ പറഞ്ഞു. മികച്ച പങ്കാളിത്തത്തോടൊപ്പം സുഗമമായ റിസര്‍വേഷന്‍ സംവിധാനമാണ് ഐഫ്ളൈ റെസിനെ തിരഞ്ഞെടുക്കാന്‍ കാരണം. ഐബിഎസ് സോഫ്റ്റ് വെയറിലൂടെ സാങ്കേതികവിദ്യയും നൂതനത്വവും തുടരാനുള്ള ആലോചനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടന്‍റെ പുതിയ വിമാനക്കമ്പനിയെ പിന്തുണയ്ക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഐബിഎസിന്‍റെ ഏവിയേഷന്‍ പാസഞ്ചര്‍ സൊലൂഷന്‍സ് മേധാവി ഡേവിഡ് ഫ്രിഡെറിച്ചി പറഞ്ഞു. എക്കാലത്തേയും അപേക്ഷിച്ച് ഉപഭോക്താക്കള്‍ക്ക് വിവരാധിഷ്ഠിതവും വ്യക്തിഗതവുമായ ഡിജിറ്റല്‍ അനുഭവം പ്രദാനം ചെയ്യാന്‍ ഫ്ളൈബിക്ക് സാധിക്കും. ഒപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.