“ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ പങ്കില്ല; യു എസിനെ ആക്രമിച്ചാൽ ഇതുവരെ കാണാത്ത തരത്തിൽ തിരിച്ചടിക്കും”; ഇറാന് മുന്നറിയിപ്പ് നൽകി ട്രംപ്

വാഷിങ്ടണ്‍: ഏതെങ്കിലും തരത്തിൽ അമേരിക്കയ്ക്ക് നേരെ ആക്രമണമുണ്ടായാൽ ഇതുവരെ കാണാത്ത രീതിയിൽ തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ അമേരിക്കയ്ക്ക് ഒരു പങ്കുമില്ലെന്നും ട്രംപ് ആവർത്തിച്ചു. യുഎസിന് നേരെ ഏതെങ്കിലും തരത്തിൽ ആക്രമണമുണ്ടായാൽ സായുധ സേനയുടെ മുഴുവൻ ശക്തിയും ഉപയോഗിക്കുമെന്നാണ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപിന്‍റെ മുന്നറിയിപ്പ്.

Advertisements

ഇറാനും ഇസ്രായേലും തമ്മിലെ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധതയും ട്രംപ് അറിയിച്ചു. എളുപ്പത്തിൽ ഒരു കരാർ ഉണ്ടാക്കാനും ഈ സംഘർഷം അവസാനിപ്പിക്കാനും കഴിയുമെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഇറാന്റെ ആണവ കേന്ദ്രങ്ങളെയും ശാസ്ത്രജ്ഞരെയും ഉന്നത സൈനിക ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ റൈസിംഗ് ലയണ്‍ എന്ന പേരിൽ ഇസ്രയേൽ ആക്രമണം തുടങ്ങിയത്. ഓപ്പറേഷൻ ട്രൂ പ്രോമിസ് 3 എന്ന പേരിൽ ഇറാൻ തിരിച്ചടിച്ചു. ടെൽ അവീവിൽ ഉൾപ്പെടെ മിസൈൽ വർഷിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതുവരെ ഇസ്രയേലിന്റെ ആക്രമണത്തിൽ നൂറിലേറെപ്പേർ ഇറാനിൽ കൊല്ലപ്പെട്ടു. ആയിരത്തോളം പേർക്ക് പരിക്കേറ്റു. ഇറാന്‍റെ എണ്ണ സംഭരണികളും ഊർജ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇസ്രയേൽ രാത്രി നടത്തിയ വ്യോമാക്രമണങ്ങളിൽ ടെഹ്റാൻ അടക്കമുള്ള നഗരങ്ങളിൽ കനത്ത നാശമുണ്ടായി. ടെഹ്റാനിലെ പ്രതിരോധ മന്ത്രാലയം ആസ്ഥാനവും ഇസ്രയേൽ ആക്രമിച്ചു. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഫീൽഡ് ആയ സൗത്ത് പാർസ്‌, ഫജ്ർ ജാം ഗ്യാസ് റിഫൈനിംഗ്, അബാദാൻ ഓയിൽ റിഫൈനറി എന്നിവയെല്ലാം ആക്രമിക്കപ്പെട്ടു. മധ്യ ഇറാനിലെ ഇസ്ഫഹാൻ, ഇറാന്റെ ആണവ പദ്ധതികളുടെ പ്രധാന കേന്ദ്രമാണ്. ഇവിടെ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തി.

ഇറാന്‍റെ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ എട്ട് പേർ കൊല്ലപ്പെട്ടു. ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നു. നിരവധി പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടാം ദിവസവും ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനം മറികടന്നാണ് ഇറാൻ പ്രത്യാക്രമണം നടത്തിയത്. ഏറ്റവും കനത്ത ആക്രമണം ഉണ്ടായത് ഇസ്രയേലിന്റെ സുപ്രധാന തുറമുഖ നഗരമായ ഹൈഫയിലാണ്. ഹൈഫ ഓയിൽ റിഫൈനറി ലക്ഷ്യമിട്ട് അടക്കം ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. ഇസ്രയേലിന്റെ യുദ്ധവിമാന നിർമാണ കേന്ദ്രം ആക്രമിച്ചെന്നും ഇറാന്‍ അവകാശപ്പെടുന്നു.

Hot Topics

Related Articles