ടെല്‍ അവീവ്: ലെബനനില്‍ പേജര്‍ ആക്രമണം നടത്താന്‍ താന്‍ അനുവാദം നല്‍കിയെന്ന് സമ്മതിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നെതന്യാഹു പേജര്‍ ആക്രമണത്തിന് അനുമതി നല്‍കിയതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ വക്താവ് ഒമര്‍ ദോസ്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഫ്പി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് പേജര്‍-വോക്കി ടോക്കി ആക്രമണങ്ങളുടെ ഉത്തരവാദിത്തം നെതന്യാഹു ഏറ്റെടുത്തത്. ‘പേജര്‍ ഓപ്പറേഷനും ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റല്ലയുടെ കൊലപാതകവും പ്രതിരോധ സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ തലത്തില്‍ ഉത്തരവാദികളായവരുടെയും എതിര്‍പ്പ് അവഗണിച്ച് തീരുമാനിച്ചതാണ്’, അടുത്തിടെ പുറത്താക്കപ്പെട്ട പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റിനെ വിമര്‍ശിച്ചു കൊണ്ട് നെതന്യാഹു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെപ്റ്റംബര്‍ 17, 18 തീയതികളിലായിരുന്നു ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ തുടര്‍ച്ചയായ പേജര്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഏകദേശം 40ഓളം പേര്‍ കൊല്ലപ്പെടുകയും 3000ത്തോളം ഹിസ്ബുള്ള അംഗങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരവധി അംഗങ്ങളുടെ കാഴ്ച ശക്തിയും വിരലുകളും നഷ്ടപ്പെട്ടിരുന്നു.
ആക്രമണത്തിന് പിന്നില്‍ ഹിസ്ബുള്ളയും ഇറാനും ഇസ്രയേലാണെന്ന് ആരോപിച്ചിരുന്നു. ഇസ്രയേലിന്റെ ലൊക്കേഷന്‍ ട്രാക്കിങ്ങില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള സാങ്കേതിക വിദ്യയെന്ന നിലയിലാണ് ഹിസ്ബുള്ള അംഗങ്ങള്‍ പേജറുകള്‍ ഉപയോഗിച്ചിരുന്നത്. മനുഷ്യരാശിക്കെതിരെയുള്ള ക്രൂരമായ യുദ്ധമാണ് പേജര്‍ ആക്രമണമെന്ന് ആരോപിച്ച് ലെബനന്‍ ഐക്യരാഷ്ട്ര സഭയുടെ ലേബര്‍ ഏജന്‍സിക്ക് പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഗാസയിലെ യുദ്ധം ആരംഭിച്ചപ്പോള്‍ തന്നെ ലെബനീസ് അതിര്‍ത്തിയില്‍ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഇതുവരെ ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്‌റല്ലയടക്കം നിരവധി ഹിസ്ബുള്ള നേതാക്കളാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ 3000ത്തോളം ആളുകളാണ് ലെബനനില്‍ കൊല്ലപ്പെട്ടത്.