ഇസ്രയേൽ – ഹമാസ് സംഘർഷത്തിന് ഒരു വയസ്; ഇന്നുവരെ ഗാസയിൽ കൊല്ലപ്പെട്ടത് 42000 പേർ; ലോകത്തെ ഏറ്റവും വലിയ ദുരന്തഭൂമിയായി ഗാസ

ടെൽ അവീവ്: ലോകഗതി മാറ്റിമറിച്ച ഇസ്രയേൽ – ഹമാസ് സംഘർഷത്തിന് ഒരു വർഷം. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനായിരുന്നു ഇസ്രയേലിനെ നടുക്കിയ ഹമാസിന്റെ ആക്രമണം. വിവിധ ലോകനഗരങ്ങളിൽ ഇന്ന് യുദ്ധവിരുദ്ധ റാലികൾ നടക്കും. 

Advertisements

2023 ഒക്‌ടോബർ 7- ലോകത്തെ നടുക്കി ഇസ്രയേലിനെതിരെ ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണം. 1200 ഇസ്രയേലികൾ കൊല്ലപ്പെട്ടു. 250 ലേറെ പേരെ ബന്ദികളാക്കി. ഇസ്രയേൽ അന്നോളം പുലർത്തിയ സുരക്ഷിതത്വ ബോധവും ആത്മവിശ്വാസവും അപ്പാടെ തകർന്ന ഒളിയുദ്ധം. മണിക്കൂറുകൾക്കകം ഹമാസിന്‍റെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പ്രത്യാക്രമണം തുടങ്ങി. ഒരു വർഷത്തിനിപ്പുറം ഇന്നുവരെ ഗാസയിൽ കൊല്ലപ്പെട്ടത് 42000 പേർ. അതിൽ പകുതിയോളം സ്ത്രീകളും കുട്ടികളുമാണ്. ഒരു ലക്ഷം പേർക്ക് പരിക്കേറ്റു. ലോകത്തെ ഏറ്റവും വലിയ ദുരന്തഭൂമി ആയി ഗാസ മാറിയിരിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇപ്പോൾ സംഘർഷം പശ്ചിമേഷ്യയുടെ കൂടുതൽ മേഖലകളിലേക്ക് പടരുകയാണ്. ലെബനൻ ഗാസ പോലെ മറ്റൊരു യുദ്ധഭൂമിയായി മാറുന്നു. യെമനിലും സിറിയയിലും ആക്രമണങ്ങൾ നടക്കുന്നു. ഇറാൻ നേരിട്ട് രണ്ടു വട്ടം ഇസ്രയേലിനെ ആക്രമിച്ചു. ലോകസമാധാനത്തിന് ഇടപെടേണ്ട ഐക്യരാഷ്ട്ര സഭ വെറും കാഴ്‍ചക്കാരായി ചുരുങ്ങിപ്പോയ ഒരു വർഷമാണ് കടന്നുപോകുന്നത്. യുഎന്നിന്റെ സമാധാന ആഹ്വാനം ഇരുപക്ഷവും തള്ളി. യുഎൻ തലവൻ അന്റോണിയോ ഗുട്ടറസിന് ഇസ്രയേൽ പ്രവേശന വിലക്കു പോലും പ്രഖ്യാപിച്ചു.

കാര്യമായ ഒരിടപെടലിനും തയ്യാറാവാതെ ലോകശക്തികൾ കാഴ്ചക്കാരായി നിൽക്കുന്നു. എക്കാലവും ലോകരാജ്യങ്ങൾ ഉയർത്തിപ്പിടിച്ച ഇസ്രയേൽ – പലസ്തീൻ ദ്വിരാഷ്ട്ര പരിഹാരം എന്ന ഫോർമുല പോലും ഇസ്രയേൽ ഇന്ന് തള്ളുകയാണ്. ഹമാസിന്റെ പൂർണ്ണമായ ഉന്മൂലനം ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയ ഇസ്രയേൽ ഇന്ന് നേരിടുന്നത് ഹിസ്ബുല്ലയും ഹൂതികളും ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസും അടക്കം നിരവധി സായുധ സംഘങ്ങളെ. അവർക്കെല്ലാം പരസ്യ ആയുധ സാമ്പത്തിക സഹായവുമായി ഇറാൻ നിൽക്കുന്നു. 

യുദ്ധ തന്ത്രങ്ങളിലെ പിഴവുകളുടെ പേരിൽ ബെഞ്ചമിൻ നെതന്യാഹു സർക്കാർ ഇസ്രയേലിനുള്ളിൽ ഏറെ വിമർശനം നേരിടുന്നു. ഹമാസിനാകട്ടെ, തലവൻ ഇസ്മായിൽ ഹനിയ അടക്കം നേതൃനിരയിലെ ഒട്ടേറെ പേരെ ഇസ്രയേലിന്റെ ആക്രമണത്തിൽ നഷ്ടമായി. എന്നാൽ ഇപ്പോഴും ഹമാസ് ഇല്ലാതായി എന്നോ ഇനി തിരിച്ചടിക്ക് ശേഷിയില്ലാത്ത വിധം ദുർബലമായി എന്നോ പറയാനാവില്ല. ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്‌ഷ്യം ഏറെ നീളുമെന്ന് ഇസ്രയേൽ തന്നെ സമ്മതിക്കുന്നു. ഇതിനിടയിലാണ് സംഘർഷം ഇറാൻ – ഇസ്രയേൽ നേർക്കുനേർ പോരാട്ടമായി വഴിമാറുന്നത്. ചുരുക്കത്തിൽ അശാന്തി കൂടുതൽ കനക്കുന്ന ദിനങ്ങൾ ആകും ഇനിയങ്ങോട്ട്. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.