ന്യൂയോര്‍ക്: പശ്ചിമേഷ്യയില്‍ ശാശ്വതമായ മാനുഷിക വെടിനിര്‍ത്തലിന് ആഹ്വാനംചെയ്ത് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ ജോര്‍ഡൻ അവതരിപ്പിച്ച പ്രമേയത്തിെന്റ വിജയം അന്താരാഷ്ട്ര വേദിയിലെ അമേരിക്കയുടെ ഒറ്റപ്പെടലിെന്റ പ്രതിഫലനമായി. 120 വോട്ടിന് പാസായ പ്രമേയത്തെ അമേരിക്കക്കും ഇസ്രായേലിനും പുറമേ, 12 രാജ്യങ്ങള്‍ മാത്രമാണ് എതിര്‍ത്തത്. ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങള്‍ വിട്ടുനിന്നതും ശ്രദ്ധേയമായി.
ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍ പവറിന് നേരിട്ട് പിന്തുണ നല്‍കാൻ വൻ രാജ്യങ്ങള്‍ ഉള്‍പ്പെടെ മടിച്ചുനിന്ന കാഴ്ചയാണ് പൊതുസഭയില്‍ കണ്ടത്. അമേരിക്കക്കൊപ്പം ചേര്‍ന്ന് പ്രമേയത്തെ എതിര്‍ക്കാൻ ഫ്രാൻസും ജര്‍മനിയും യു.കെയും തയാറായില്ല. ഫ്രാൻസിെന്റ നേതൃത്വത്തില്‍ എട്ട് ഇ.യു രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. വിട്ടുനിന്ന വലിയ രാജ്യങ്ങളില്‍ ആസ്ട്രേലിയ, ഇന്ത്യ, യു.കെ എന്നിവ ഉള്‍പ്പെടുന്നു. യു.എസിനൊപ്പം പ്രമേയത്തെ എതിര്‍ത്തവരില്‍ ആറ് രാജ്യങ്ങള്‍ ഫിജി, ടോംഗ, മാര്‍ഷല്‍ ഐലൻഡ്സ്, മൈക്രോനേഷ്യ, നൗറു, പാപ്വ ന്യൂഗിനിയ എന്നീ പസഫിക് ദ്വീപ് രാജ്യങ്ങളാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വോട്ടെടുപ്പിനു മുമ്ബ് പ്രമേയത്തിനനുകൂലമായി പരമാവധി പിന്തുണ ഉറപ്പിക്കാൻ ജോര്‍ഡൻ തീവ്രശ്രമം നടത്തിയിരുന്നു. തടവിലാക്കപ്പെട്ടവരുടെ മോചനം നിരുപാധികമായിരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രമേയത്തില്‍ ഹമാസിനെ പേരെടുത്ത് പറയുന്നില്ലെന്ന വാദവുമായി അമേരിക്കക്കൊപ്പം ചേര്‍ന്ന കാനഡ രംഗത്തെത്തി. പകരം ഫലസ്തീനിയൻ, ഇസ്രായേല്‍ പൗരന്മാര്‍ക്കെതിരെയുള്ള എല്ലാ ആക്രമണങ്ങളെയും അപലപിക്കുന്നു എന്നു മാത്രമാണ് പ്രമേയം പറയുന്നത്. തുടര്‍ന്ന്, ഹമാസിനെ പേരെടുത്ത് പറഞ്ഞും തടവുകാരെ ബന്ദികളെന്ന് വിശേഷിപ്പിച്ചും കാനഡ അവതരിപ്പിച്ച ഭേദഗതി 55നെതിരെ 88 വോട്ടുകള്‍ക്ക് പാസായി. 23 രാജ്യങ്ങള്‍ വിട്ടുനിന്നു. 27 യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും യു.കെയും ഭേദഗതിയെ അനുകൂലിച്ചു. എന്നാല്‍, യു.എൻ പൊതുസഭയിലെ വോട്ടെടുപ്പില്‍ വിജയിക്കുന്നതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന നിബന്ധനയുള്ളതിനാല്‍ ഫലത്തില്‍ ഭേദഗതി പരാജയപ്പെടുകയായിരുന്നു.