ടെൽഅവീവ്: ഇസ്രയേലിൽ പാർലമെന്റ് പിരിച്ചുവിട്ടു. നിലവിലെ വിദേശകാര്യ മന്ത്രി യെയ്ർ ലാപിഡാണ് രാജ്യത്തിന്റെ കാവൽ പ്രധാനമന്ത്രി. ഇന്നലെ നടന്ന ലളിതമായ ഔപചാരിക ചടങ്ങിൽ ബെന്നറ്റ് ലാപിഡിന് അധികാരം കൈമാറി. മുൻ മാദ്ധ്യമ പ്രവർത്തകനും ടി.വി അവതാരകനുമായിരുന്നു 58കാരനായ ലാപിഡ്. ലാപിഡിന്റെ വിദേശകാര്യ മന്ത്രിസ്ഥാനം നിലനിൽക്കും. പാർലമെന്റ് പിരിച്ചുവിടാനുള്ള ബില്ല് ചൊവ്വാഴ്ച പാർലമെന്റിലെ അംഗങ്ങൾ ഏകകണ്ഠമായി പാസാക്കിയിരുന്നു.
വോട്ടിംഗിൽ ഈ അന്തിമ അംഗീകാരം (920) ലഭിച്ചതോടെയാണ് പാർലമെന്റ് പിരിച്ചുവിട്ടത്. എട്ടു പാർട്ടികളടങ്ങുന്ന നഫ്താലി ബെന്നറ്റിന്റെ ഭരണ മുന്നണി സഖ്യത്തിന് ഏപ്രിലിൽ ഒരു പാർലമെന്റംഗം രാജിവച്ചതോടെ ഭൂരിപക്ഷം നഷ്ടമായിരുന്നു. 120 അംഗ പാർലമെന്റിൽ അവർക്ക് 61 സീറ്റുകളാണുണ്ടായിരുന്നത്. ബെഞ്ചമിൻ നെതന്യാഹുവിന്റെ 12 വർഷത്തെ ഭരണത്തിന് ശേഷം കഴിഞ്ഞ വർഷം ജൂണിലാണ് യമിന പാർട്ടി നേതാവായ നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജ്യത്ത് നവംബർ 1ന് തിരഞ്ഞെടുപ്പ് നടത്തും. ഇതോടെ മൂന്നര വർഷത്തിനിടെ ഇസ്രയേലിൽ നടക്കുന്ന അഞ്ചാമത്തെ തിരഞ്ഞെടുപ്പാകും ഇത്. അതേസമയം, തിരിച്ചുവരവിനുള്ള പിടിവള്ളിയായി ഈ തിരഞ്ഞെടുപ്പിനെ പരമാവധി പ്രയോജനപ്പെടുത്താനാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയുടെ നീക്കം. അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഇന്നലെ പാർലമെന്റ് പിരിച്ചുവിടുന്നതിന് മുമ്പ് നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.