വാഷിങ്ടണ്‍: ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധത്തില്‍ അമേരിക്കയും പങ്കുചേർന്നതോടെ സ്ഥിതിഗതികള്‍ മറ്റൊരുതലത്തിലേക്ക് ഉയർന്നിരിക്കുകയാണ്.ഇറാനിലെ തന്ത്രപ്രധാനമായ ഫോർദൊ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവ കേന്ദ്രങ്ങളില്‍ യു.എസ് ആക്രമണം നടത്തിയെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് വ്യക്തമാക്കിയത്. ഈയവസരത്തില്‍ വാർത്തകളില്‍ ഇടംപിടിക്കുകയാണ് ലോകത്തിലെതന്നെ തന്ത്രപ്രധാനമായ ഊർജ ഇടനാഴിയെന്ന് വിശേഷണമുള്ള ഹോർമൂസ് കടലിടുക്ക്. ഇസ്രയേലിനൊപ്പം അമേരിക്ക കൂടി ആക്രമണത്തിനിറങ്ങിയതോടെ ഇറാൻ ഗത്യന്തരമില്ലാതെ അറ്റകൈ പ്രയോഗിക്കാനുള്ള സാധ്യത തള്ളാനാവില്ല.
നിലവില്‍ നടക്കുന്ന യുദ്ധത്തിന്റെ ഗതി മാറിയതോടെ ഹോർമൂസ് കടലിടുക്ക് അടച്ചിടാനുള്ള നീക്കത്തിലാണ് ഇറാൻ. അങ്ങനെയെങ്കില്‍ അത് ലോകത്തെ ഒന്നടങ്കം ബാധിച്ചേക്കും. ഹോർമൂസ് വഴി എണ്ണക്കപ്പലുകള്‍ യൂറോപ്പിലേക്ക് കടക്കാൻ ഇറാൻ സമ്മതിക്കില്ലെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ഊർജമേഖലയില്‍, പിന്നീട് നിത്യജീവിതത്തില്‍പ്പോലും ദൂരവ്യാപകമായ ഗുരുതര പ്രത്യാഘാതങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. ഏതാണ്ട് 50 വലിയ എണ്ണ ടാങ്കറുകള്‍ ഹോർമൂസിലൂടെ കടക്കാൻ ശ്രമിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സുപ്രധാന ജലപാത ഏതുനിമിഷവും അടച്ചേക്കുമെന്ന് ഓയില്‍ വ്യവസായ മേഖല കണക്കുകൂട്ടുന്നുണ്ട്. ആ ഭയം യാഥാർത്ഥ്യമായാല്‍ എണ്ണ വില വൻതോതില്‍ കുതിച്ചുയരാനും സാധ്യതയുണ്ട്.