റിപ്പോർട്ടർ : ശ്രീജേഷ് സി. ആചാരി
ഹമാസുമായുള്ള ഏറ്റുമുട്ടൽ തുടരുന്ന ഗാസയിലെ സ്ഥിതി അതിരൂക്ഷമാകുന്നതിനിടെ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക്. വ്യാഴാഴ്ച ടെൽ അവീവിൽ എത്തിയ അദ്ദേഹം ഇസ്രായേൽ ജനതയോട് ഐക്യദാർഢ്യം പ്രകടിപിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും വ്യക്തമാക്കി. “ഇസ്രായേൽ ഇപ്പോൾ ഇരുണ്ട മണിക്കൂറുകളിലൂടെയാണ് കടന്നുപോകുന്നത്. ഈ അവസ്ഥയിൽ ഇസ്രായേലിന് പിന്തുണ നൽകുന്നതിൽ താൻ അങ്ങേയറ്റം അഭിമാനിക്കുന്നു. ഇസ്രായേലിലെ ജനങ്ങൾക്കൊപ്പം നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നത്”- ഋഷി സുനക്ക് പറഞ്ഞു. ഹമാസിനെതിരെയുള്ള യുദ്ധത്തിൽ ഇസ്രായേൽ വിജയിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായുള്ള വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ മരണസംഖ്യ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ഇസ്രായേലിന്റെ ആക്രമണത്തിനെതിരെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലടക്കം വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഇതിനിടെയാണ് ഇസ്രായേലിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടൻ കൂടി രംഗത്ത് വരുന്നത്. അതേസമയം ഗാസയിൽ ഇസ്രായേൽ ആക്രമണം ശക്തമായതോടെ ഭക്ഷണത്തിനും കുടിവെള്ളത്തിനുമടക്കം വലിയ ക്ഷാമമാണ് ജനങ്ങൾ നേരിടുന്നത്. പലയിടത്തും ഇസ്രായേൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ഹമാസിനെതിരെയുള്ള പോരാട്ടത്തിൽ ഇസ്രായേലിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുമ്പോഴും ഋഷി സുനക്ക് ഗാസയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് യാതൊരു പ്രതികരണവും നടത്തുന്നില്ല എന്ന ആക്ഷേപവും ഇതിനിടെ ഉയരുന്നുണ്ട്.
അതിനിടെ ഗാസയിലേക്ക് മാനുഷിക സഹായം അനുവദിക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെടുന്ന പ്രമേയത്തിൽ യുഎൻ സുരക്ഷാ കൗൺസിലിൽ നടത്തിയ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള ബ്രിട്ടന്റെ തീരുമാനം ഏറെ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.അതേസമയം റഫ അതിർത്തി വഴി ഗാസയിലേക്ക് മാനുഷിക ഇടനാഴി തുറക്കുന്നതിനെ പറ്റി ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഋഷി സുനക്ക് ചർച്ച നടത്തി.ചൂടേറിയ സംഘർഷം തണുപ്പിക്കേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും അടിവരയിട്ടു.മേഖലയിൽ കൂടുതൽ അക്രമങ്ങൾ വർദ്ധിക്കുന്നത് ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും ഇരുവരും തമ്മിൽ ചർച്ച ചെയ്തു.
ഇസ്രായേൽ നടത്തുന്ന പ്രത്യാക്രമണത്തിൽ ഗാസ തകർന്നടിയുകയാണ്.ഇസ്രായേൽ സേനയുടെ ആക്രമണം പത്ത് ദിവസം പിന്നിടുമ്പോൾ 3,400 ലധികം പലസ്തീനികൾക്കാണ് ഇതുവരെ ജീവൻ നഷ്ടമായിരിക്കുന്നത്. മരിച്ചവരിൽ 1500ലധികം പേർ കുട്ടികളാണ്. ഇന്ന് ഖാൻ യൂനിസിൽ ഉണ്ടായ ആക്രമണത്തിൽ മാത്രം ഏഴ് കുട്ടികൾ മരണപ്പെട്ടിട്ടുണ്ട്. വടക്കൻ ഗാസ വിട്ടുപോകാൻ ജനങ്ങൾക്ക് നൽകിയ സമയം അവസാനിച്ചതോടെ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നതിന്റെ സൂചന കൂടിയാണ് ഈ ആക്രമണങ്ങളിൽ നിന്നും ദൃശ്യമാകുന്നത്. ഇസ്രായേൽ ആക്രമണങ്ങളിൽ പരിക്കേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നതോടെ മെഡിക്കൽ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം ഗാസയിലെ നാലിലധികം ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെട്ടുവെന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്.