രണ്ട് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ച്‌ കൂട്ടിയോജിപ്പിക്കും; ഐഎസ്‌ആര്‍ഒയുടെ ചരിത്ര പരീക്ഷണം നാളെ

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചരിത്രത്തിലാദ്യമായി നടത്തുന്ന സ്പേസ് ഡോക്കിംഗ് പരീക്ഷണം നാളെ (09-01-2025). ഇസ്രൊ 2024 ഡിസംബര്‍ 30ന് വിക്ഷേപിച്ച സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് എന്നീ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ച്‌ കൂട്ടിയോജിപ്പിക്കുകയാണ് ഐഎസ്‌ആര്‍ഒയുടെ ലക്ഷ്യം. ഇന്ത്യന്‍ സമയം വ്യാഴാഴ്‌ച രാവിലെ 8 മണിക്ക് സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം ആരംഭിക്കും. ഇസ്രൊയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ നാളെ രാവിലെ എട്ട് മണി മുതല്‍ ബഹിരാകാശ ഡോക്കിംഗ് തത്സമയം കാണാം.

Advertisements

ഐഎസ്‌ആര്‍ഒ കഴിഞ്ഞ ഡിസംബര്‍ 30-ാം തിയതി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പിഎസ്‌എല്‍വി-സി60 ലോഞ്ച് വെഹിക്കിളിലാണ് രണ്ട് സ്പേഡെക്സ് സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിച്ചത്. ഏതാണ്ട് 220 കിലോഗ്രാം വീതം ഭാരമുള്ള എസ്‌ഡിഎക്‌സ്01 (SDX01-ചേസര്‍), എസ്‌ഡിഎക്‌സ്02 (SDX02- ടാര്‍ഗറ്റ്) എന്നീ ഉപഗ്രഹങ്ങളാണ് ഈ പരീക്ഷണ ദൗത്യത്തിലുള്ളത്. 20 കിലോമീറ്റര്‍ അകലത്തില്‍ വിക്ഷേപിക്കപ്പെട്ട ഈ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 5 കിലോമീറ്റര്‍, 1.5 കിലോമീറ്റര്‍, 500 മീറ്റര്‍, 15 മീറ്റര്‍, 3 മീറ്റര്‍ എന്നിങ്ങനെ സാവധാനം കുറച്ചുകൊണ്ടുവന്നാണ് ഒടുവില്‍ ബഹിരാകാശത്ത് വച്ച്‌ കൂട്ടിയോജിപ്പിക്കുക. ഈ ഡോക്കിംഗ് പരീക്ഷണം ജനുവരി 6ന് നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് 9-ാം തിയതിയിലേക്ക് നീട്ടിവെക്കുകയായിരുന്നു.

Hot Topics

Related Articles