സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൾ (എസ്.എസ്.എൽ.വി) വിക്ഷേപണം വിജയം: പറന്നുയർന്ന ശേഷം സാങ്കേതിക തകരാർ; ആശങ്ക വേണ്ടെന്ന് അധികൃതർ

ബംഗളൂരു: ശ്രീഹരിക്കോട്ട: ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിനായി ഐ.എസ്.ആർ.ഒ രൂപകൽപന ചെയ്ത സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൾ (എസ്.എസ്.എൽ.വി) ശ്രീഹരിക്കോട്ടയിൽ നിന്ന് വിജകരമായി വിക്ഷേപിച്ചുവെങ്കിലും ദൗത്യം വിജയകരമായോ എന്നതിൽ ആശങ്ക നിലനിൽക്കുന്നു.

Advertisements

വിക്ഷേപിച്ച ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്‌നലുകൾ ലഭിക്കാത്തതിനാൽ അനിശ്ചിതത്വം തുടരുകയാണ്. വിക്ഷേപണത്തിന്റെ ആദ്യ മൂന്ന് ഘട്ടവും വിജയകരമായിരുന്നു. നാലാം ഘട്ടത്തിൽ പ്രവർത്തിക്കേണ്ട ലിക്വിഡ് പ്രോപൽഷൻ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളിൽ (വി.ടി.എം) സാങ്കേതിക പ്രശ്‌നം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പ്രശ്‌നം പരിഹരിക്കാനായി ശാസ്ത്രജ്ഞന്മാരുടെ ഭാഗത്ത് നിന്നും തീവ്രശ്രമം തുടരുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ഐ.എസ്.ആർ.ഒയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ് (ഇ.ഒ.എസ്-02), ആസാദിസാറ്റ് എന്നീ ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ട് രാവിലെ 9.18നാണ് റോക്കറ്റ് കുതിച്ചുയർന്നത്. സ്‌പേസ് കിഡ്സ് ഇന്ത്യയുടെ നേതൃത്വത്തിൽ ഗ്രാമീണമേഖലയിൽ നിന്നുള്ള 750 വിദ്യാർത്ഥിനികൾ ചേർന്നാണ് ആസാദിസാറ്റ് വികസിപ്പിച്ചത്. ആസാദിസാറ്റ് പോലുള്ള ചെറിയ ഉപഗ്രഹങ്ങൾ എസ്.എസ്.എൽ.വി റോക്കറ്റ് ഉപയോഗിച്ച് സൗകര്യപ്രദമായി താഴ്ന്ന ബഹിരാകാശ ഭ്രമണപഥത്തിലെത്തിക്കാൻ സാധിക്കും. ചെലവും തയാറെടുപ്പിനുള്ള സമയവും കുറവാണ്. എസ്.എസ്.എൽ.വി തയാറായതോടെ ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണച്ചുമതലയിൽ നിന്ന് പി.എസ്.എൽ.വി ഒഴിവാകും.

500 കിലോഗ്രാം ഭാരമുള്ള പേലോഡ് ഭ്രമണപഥത്തിൽ എത്തിക്കുന്നതിനാണ് എസ്.എസ്.എൽ.വി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പി.എസ്.എൽ.വിക്ക് 1,750 കിലോഗ്രാം പേലോഡ് വരെ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകാൻ കഴിയും. കുറഞ്ഞ ചെലവ്, വേഗം, ഒന്നിലധികം ഉപഗ്രഹങ്ങളെ ഉൾക്കൊള്ളാനുള്ള സൗകര്യം, ആവശ്യാനുസരണം വിക്ഷേപണം, വിക്ഷേപണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ എസ്.എസ്.എൽ.വിയുടെ പ്രത്യേകതകളാണ്.

പെൺകരുത്തിൽ ആസാദിസാറ്റ്

ഇന്ത്യയിലുടനീളമുള്ള 750 പെൺകുട്ടികൾ ചേർന്നാണ് ആസാദിസാറ്റ് വികസിപ്പിച്ചത്. സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നിവ പഠിക്കാൻ പെൺകുട്ടികളെ പ്രേരിപ്പിക്കുന്നതിന്റെ ഫലമാണ് ആസാദിസാറ്റ്. ചതുരാകൃതിയിലുള്ള ഒരു ചെറിയ ഉപഗ്രഹമായ ക്യൂബ്സാറ്റ്. എട്ട് കിലോഗ്രാം ഭാരമുള്ള ക്യൂബ്സാറ്റിൽ 75 വ്യത്യസ്ത പേലോഡുകൾ വഹിക്കുന്നു. ഓരോന്നിനും ഏകദേശം 50 ഗ്രാം ഭാരമുണ്ട്.

രാജ്യത്തുടനീളമുള്ള ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്ക് ഈ പേലോഡുകൾ നിർമ്മിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകിയതായും പിന്നീട് ഇവ ‘സ്പേസ് കിഡ്സ് ഇന്ത്യയുടെ’ വിദ്യാർത്ഥി ടീം സംയോജിപ്പിച്ചുവെന്നും ഐ.എസ്.ആർ.ഒ പറയുന്നു. അമച്വർ റേഡിയോ ഓപ്പറേറ്റർമാർക്ക് വോയ്സ്, ഡാറ്റ ട്രാൻസ്മിഷൻ സാദ്ധ്യമാക്കാൻ ഹാം റേഡിയോ ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന യു.എച്ച്.എഫ് – വി.എച്ച്.എഫ് ട്രാൻസ്പോണ്ടർ മാത്രമല്ല, ഒരു സെൽഫി ക്യാമറയും പേലോഡുകളിൽ ഉൾപ്പെടുന്നു.

ഭ്രമണപഥത്തിലെ അയോണൈസിംഗ് റേഡിയേഷൻ അളക്കാൻ സോളിഡ്-സ്റ്റേറ്റ് പിൻ ഡയോഡ് അടിസ്ഥാനമാക്കിയുള്ള റേഡിയേഷൻ കൗണ്ടറും ഒരു ദീർഘദൂര ട്രാൻസ്പോണ്ടറും ആസാദിസാറ്റിലുണ്ട്. നിരീക്ഷണത്തിനും ഭ്രമണപഥത്തിലെ പേലോഡുകളുമായി ആശയവിനിമയം നടത്താനും സ്പേസ് കിഡ്സ് ഇന്ത്യ വികസിപ്പിച്ച ‘ഗ്രൗണ്ട് സിസ്റ്റം’ ഐ.എസ്.ആർ.ഒ ഉപയോഗിക്കും.

ഈ വർഷത്തെ യു.എൻ തീം ‘വിമൻ ഇൻ സ്പേസ്’ എന്നതായതിനാൽ സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നിവയിൽ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ആദ്യത്തെ ബഹിരാകാശ ദൗത്യമാണിതെന്ന് ഉപഗ്രഹം വികസിപ്പിച്ച സ്പേസ് കിഡ്സ് ഇന്ത്യയുടെ ചീഫ് ടെക്നോളജി ഓഫീസർ റിഫാത്ത് ഷാറൂഖ് പറഞ്ഞു.

Hot Topics

Related Articles