ഇറ്റലി : തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്സ് ഇറ്റലിയുടെ നേതൃത്വത്തില്‍ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോര്‍ജിയ മെലോനി അധികാരത്തിലേയ്ക്ക്.രണ്ടാം ലോകയുദ്ധത്തിന് ശേഷം തീവ്രവലതുപക്ഷ പാര്‍ട്ടി ഇറ്റലിയില്‍ അധികാരത്തിലെത്തുന്നത് ഇതാദ്യമായാണ്.വോട്ടെണ്ണല്‍ പൂര്‍ത്തിയാവും മുന്‍പേ ഇടതുകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി തോല്‍വി സമ്മതിച്ചു. ഇന്ന് അന്തിമഫലം വരുമ്പോള്‍ 400 അംഗ പാര്‍ലമെന്റില്‍ ബ്രദേഴ്സ് ഓഫ് ഇറ്റലി സഖ്യം 227 മുതല്‍ 257 സീറ്റുകള്‍ വരെ നേടുമെന്നാണ് വിലയിരുത്തല്‍.
വോട്ടെടുപ്പിനു പിന്നാലെ മാധ്യമങ്ങളെ കണ്ട മെലോനി എല്ലാവര്ക്കും വേണ്ടി നിലകൊള്ളുന്ന സര്‍ക്കാര്‍ ആയിരിക്കും അധികാരത്തില്‍ വരികയെന്നു പ്രതികരിച്ചു. ഒക്ടോബറിലാകും പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുക. ഫെമിനിസത്തെയും വനിതാ സംവരണത്തെയും നിരാകരിക്കുകയും എല്‍ജിബിടിക്യു സമൂഹത്തോട് രൂക്ഷമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന, ഡോണള്‍ഡ് ട്രംപിന്റെ ആരാധിക കൂടിയാണ് നാല്പത്തിയഞ്ചുകാരിയായ മെലോനി. ഇവരുള്‍പ്പെടുന്ന മുന്നണി അധികാരത്തിലെത്തിയാല്‍ ഇറ്റാലിയന്‍ ഫാഷിസ്റ്റ് നേതാവായ ബെനിറ്റോ മുസോളിനിക്ക് ശേഷം ആ രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ തീവ്ര വലതുപക്ഷ നേതാവായിരിക്കും ഭരണത്തില്‍ വരികയെന്നാണു വിലയിരുത്തല്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
15 വയസു മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുകയും ജീവിക്കാനായി കുട്ടികളെ നോക്കുന്ന ആയ മുതല്‍ റോമിലെ നൈറ്റ്ക്ലബ് ബാറുകളില്‍ മദ്യം വിളമ്ബുന്ന ജോലിയും പിന്നീട് മാധ്യമ പ്രവര്‍ത്തകയുമായൊക്കെ ജോലി ചെയ്താണ് രാഷ്ട്രീയ ജീവിതത്തിന് അടിത്തറയിട്ടത്. അമേരിക്കയിലും യൂറോപ്പിലെ വലതുപക്ഷ നേതൃത്വമുള്ളയിടത്തുമെല്ലാം ഇന്ന് മെലോനിക്ക് ഇടമുണ്ട്. മുസോളിനി സ്ഥാപിച്ച ഫാഷിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് മെലോനി തന്റെ രാഷ്ട്രീയജീവിതം തുടങ്ങിയതും.