“ഇസ്രായേലിന്റെ നീക്കം മികച്ചത്; ഇനിയും ഒരുപാട് വരാനിരിക്കുന്നതേയുളളു”; ഇറാനെതിരായ ആക്രമണങ്ങളെ പ്രശംസിച്ച് ട്രംപ് 

വാഷിങ്ടണ്‍: ഇറാനെതിരായ ഇസ്രായേല്‍ ആക്രമണങ്ങളെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നടന്നത് മികച്ച ആക്രമണമായിരുന്നെന്നും ഇനിയും വരാനിരിക്കുന്നതേയുളളുവെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

Advertisements

‘ഇസ്രായേലിന്റെ നീക്കം മികച്ചതായിരുന്നു. അവര്‍ക്ക് കഠിനമായി, വളരെ കഠിനമായി തന്നെ തിരിച്ചടി ലഭിച്ചു. ഇനിയും ഒരുപാട് വരാനിരിക്കുന്നതേയുളളു’- എന്നാണ് ട്രംപ് പറഞ്ഞത്. ഇറാനിയന്‍ നേതൃത്വത്തെയും അദ്ദേഹം പരിഹസിച്ചു. ‘ചില കടുംപിടുത്തക്കാര്‍ ധൈര്യത്തോടെ സംസാരിച്ചു. പക്ഷെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. അവര്‍ക്കെല്ലാം ഇപ്പോള്‍ ജീവന്‍ നഷ്ടമായിക്കഴിഞ്ഞു. കാര്യങ്ങള്‍ ഇനിയും വഷളാകും’- ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ഇറാനെതിരായ സൈനിക ആക്രമണം തുടരവെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ആഗോള നേതാക്കളെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ ബന്ധപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ എന്നിവരുമായി നെതന്യാഹു ഇതിനകം സംസാരിച്ചുവെന്നാണ് വിവരം. ഇറാനെ ആക്രമിക്കാനിടയായ സാഹചര്യം ലോകനേതാക്കളെ ധരിപ്പിച്ചെന്ന് നെതന്യാഹുവിന്റെ ഓഫിസ് വ്യക്തമാക്കി.

ഇസ്രയേലും ഇറാനും സംയമനം പാലിക്കണമെന്നാവശ്യപ്പെട്ട് ഇമ്മാനുവല്‍ മാക്രോണും ജര്‍മ്മന്‍ ചാന്‍സലറും രംഗത്തെത്തി. ഇറാന്റെ ആണവ പദ്ധതിയെ അപലപിച്ച ഇരു രാജ്യങ്ങളും ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും പിന്മാറണമെന്നും സംഘര്‍ഷം ഒഴിവാക്കണമെന്നും ബ്രിട്ടനും ആവശ്യപ്പെട്ടു. ഇസ്രയേല്‍ സൈനിക ആക്രമണത്തില്‍ ഇറാനിൽ ഇതുവരെ 78 പേര്‍ കൊല്ലപ്പെട്ടതായും 329 പേര്‍ക്ക് പരിക്കേറ്റതായുമാണ് ഇറാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Hot Topics

Related Articles