ന്യൂഡൽഹി: റഷ്യ ആക്രമണം തുടരുന്ന യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നതിനുള്ള ആദ്യ ദൗത്യം വിജയകരം. മലയാളികൾ അടക്കം 219 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം മുംബൈയിൽ പറന്നിറങ്ങി. യാത്രക്കാരെ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. യുക്രൈനിൽ നിന്ന് റുമാനിയയിൽ എത്തിച്ച യാത്രക്കാരുടെ ആദ്യ സംഘത്തെയാണ് മുംബൈയിൽ എത്തിച്ചത്. റുമാനിയയിലെ ബുക്കാറസ്റ്റിൽ നിന്നാണ് വിമാനം പറന്നുയർന്നത്.
സംഘത്തിൽ 27 മലയാളികൾ ഉണ്ട്. ബുക്കാറസ്റ്റിൽ നിന്നുള്ള രണ്ടാമത്തെ വിമാനം രാത്രി 1.30 ഓടേ ഡൽഹിയിൽ പറന്നിറങ്ങും. 250 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടാവുക. നാട്ടിൽ തിരിച്ചെത്തുന്നവരെ പുറത്തിറക്കാൻ വിമാനത്താവളത്തിൽ വലിയ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വാക്‌സിൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കായി സൗജന്യ കോവിഡ് പരിശോധന നടത്തുന്നത് അടക്കമുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുക്രൈനിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥികളെ സുരക്ഷിതമായി ഹംഗറിയിൽ എത്തിക്കുന്നതിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്. സഹോണി- ഉസ്‌ഹോറോഡ് അതിർത്തി വഴിയാണ് ഇന്ത്യൻ വിദ്യാർഥികളെ ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിൽ എത്തിക്കുക. ഇതിനായി ഇന്ത്യൻ എംബസിയുടെ ഒരു യൂണിറ്റ് സഹോണിയിൽ പ്രവർത്തിക്കുന്നതായി ഹംഗറിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഹംഗറിയിലെ കോൺസുലേറ്റ് ജനറലുമായി ഏകോപനം നടത്തിയാണ് വിദ്യാർഥികളെ സുരക്ഷിതമായി ബുഡാപെസ്റ്റിൽ എത്തിക്കുന്നത്. ബാച്ചുകളായി തിരിച്ചാണ് ഇന്ത്യക്കാരെ അതിർത്തി കടത്തി ബുഡാപെസ്റ്റിൽ എത്തിക്കുക. തുടർന്ന് എയർഇന്ത്യ വിമാനത്തിൽ ഇവരെ നാട്ടിൽ എത്തിക്കുന്നതാണെന്നും അറിയിപ്പിൽ പറയുന്നു.
ബസ്, വാൻ എന്നിവ വഴി മാത്രമേ അതിർത്തി കടത്തിവിടുകയുള്ളൂ. അതിനാൽ കാൽനട യാത്ര അനുവദിക്കുകയില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അംഗീകൃത പാസ്‌പോർട്ട്, റെസിഡന്റ് പെർമിറ്റ്, തിരിച്ചറിയൽ കാർഡ്, വാക്‌സിനേഷൻ കാർഡ് എന്നിവ കൈയിൽ കരുതണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. കെപിപി ടൈസ ബോർഡറിൽ എത്തിയവർ ഉസ്‌ഹോറോഡിലേക്ക് തിരികെ പോകുകയും ഹംഗറിയിലെ കോൺസുലേറ്റ് ജനറലുമായി ബന്ധപ്പെടേണ്ടതുമാണ്. അതിർത്തിയിൽ കാലതാമസം ഉണ്ടായാൽ കുടുങ്ങിപ്പോകുന്ന അവസ്ഥ ഒഴിവാക്കാൻ ഇതുവഴി സാധിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
മറ്റു അതിർത്തികൾ വഴി ഹംഗറിയിലേക്ക് പ്രവേശിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അറിയിപ്പിൽ പറയുന്നു. മറ്റു അതിർത്തികളിൽ കൂടുതൽ സമയം കാത്തുനിൽക്കേണ്ടി വരാം. കൂടാതെ ഇത്തരം അതിർത്തികളിൽ എംബസിയുടെ യൂണിറ്റുകൾ പ്രവർത്തിക്കുന്നില്ല. അതിനാൽ ഹംഗറിയിലേക്ക് പ്രവേശിക്കുന്നതിന് എംബസി വഴിയുള്ള സഹായം ലഭിക്കില്ല. ഇത്തരം അതിർത്തികൾ വഴി ബുഡാപെസ്റ്റിൽ എത്താൻ ആഗ്രഹിക്കുന്നവർ പൊതു ഗതാഗതം തെരഞ്ഞെടുക്കാൻ മറക്കരുതെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം സ്ലോവാക്യ വഴിയുള്ള രക്ഷാദൗത്യത്തിന് രജിസ്‌ട്രേഷനും ആരംഭിച്ചിട്ടുണ്ട്.
അതിനിടെ സഹോണി അതിർത്തി കടന്ന് ഇന്ത്യൻ വിദ്യാർഥികളുടെ ആദ്യ സംഘം ഹംഗറിയിൽ എത്തി. യുക്രൈനിൽ കുടുങ്ങിയ വിദ്യാർഥികളെ ബുഡാപെസ്റ്റിൽ നിന്ന് എയർഇന്ത്യ വിമാനത്തിൽ നാട്ടിൽ എത്തിക്കും. നാളെ പുലർച്ചെയോടെയാണ് വിമാനം ഡൽഹിയിൽ എത്തുക.