ന്യൂസ് ഡെസ്ക് : സൈബർ തട്ടിപ്പിനെതിരായ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി ഹ്രസ്വചിത്രവുമായി കേരള പൊലീസ്. നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ സൈബർ തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാൻ കഴിയൂ എന്നും തട്ടിപ്പിനിരയായാല്‍ 1930 എന്ന നമ്പറില്‍ അറിയിക്കണമെന്നും നടി ഭാവന ബോധവല്‍ക്കരണ വീഡിയോയില്‍ പറയുന്നു.ബാങ്കിന്‍റെ കസ്റ്റമർ കെയറില്‍ നിന്നാണെന്ന് പറഞ്ഞ് വിളി. തുടർന്ന് പറഞ്ഞത് ബാങ്കിങ് വെരിഫിക്കേഷന് വേണ്ടിയാണെന്ന്. പേരും മേല്‍വിലാസവും അക്കൌണ്ട് നമ്ബറുമെല്ലാം ഇങ്ങോട്ട് പറഞ്ഞ് വിശ്വാസം നേടിയ ശേഷം അവസാനം ചോദിച്ചത് ഒടിപി.
ഒടിപി ചോദിച്ച് വിളിച്ച തട്ടിപ്പുകാരന് 1930 എന്ന നമ്പർ നല്‍കിയ ശേഷം ‘ഇത് കേരള പൊലീസിന്‍റെ സൈബർ ഹെല്‍പ്‍ലൈൻ നമ്പറാ, നിനക്കുള്ള ഒടിപി അവിടെ നിന്നു വരും’ എന്ന് പറയുന്നതാണ് ബോധവല്‍ക്കരണ വീഡിയോയിലുള്ളത്.ഒരിക്കലും ബാങ്കിങ് വിവരങ്ങളോ ഒടിപിയോ ആരുമായും പങ്കുവയ്ക്കരുതെന്നും സോഷ്യല്‍ മീഡിയ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളില്‍ നിക്ഷേപിക്കരുതെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. നിയമപാലകരായി നടിക്കുന്ന വഞ്ചകരുടെ ഭീഷണികളില്‍ വിശ്വസിക്കരുത്. തട്ടിപ്പ് സംബന്ധിച്ച പരാതി 1930 എന്ന നമ്ബറില്‍ അറിയിക്കാം. 24 മണിക്കൂറും ഈ സേവനം ലഭ്യമാണെന്നും കേരള പൊലീസ് അറിയിച്ചു.