കോട്ടയം : ജാഗ്രത ന്യൂസ് സംഘടിപ്പിക്കുന്ന ജാഗ്രത പ്രീമിയര്‍ ലീഗിന്റെ താരലേലം ആവേശമായി. സാധാരണയായി കോട്ടയം ജില്ലയില്‍ നടക്കുന്ന താര ലേലങ്ങളെക്കാള് വ്യത്യസ്തമായി നടത്തിയ താരലേലം ടീം ഉടമകള്‍ക്ക് പുത്തന്‍ അനുഭവമായി. കോട്ടയം ഇതുവരെ കാണാത്ത തരത്തില്‍ ഐപിഎല്‍ ലേലത്തിന് സമാനമായ രീതിയിലായിരുന്നു ലേലം നടന്നത്. കോട്ടയം ഐഎംഎ ഹാളില്‍ നടന്ന ലേലം കേരളത്തിലെ പ്രശസ്ത കമന്റേറ്റര്‍ മുഹമ്മദ് മുഹ്സിന് നയിച്ചു. 12 ടീമുകളില്‍ നിന്നായി അമ്പതോളം ആളുകളാണ് ലേലത്തില്‍ പങ്കെടുത്തത്. ചൊവ്വ രാത്രി 8 ന് ആരംഭിച്ച് 11.30 ഓടെ ലേലം അവസാനിച്ചു. 120 താരങ്ങളെയാണ് വിവിധ ടീമുകള്‍ ലേലത്തില്‍ വിളിച്ചെടുത്തത്. 12 ടീമുകളെ നാല് പൂളുകളായി തിരിച്ച് ഈ മാസം 11, 12 തീയതികളിലായി മത്സരങ്ങള്‍ നടക്കും. കോട്ടയം നെഹ്റു സ്റ്റേഡിയത്തിലാകും മത്സരങ്ങള്‍ നടക്കുക. ഉദ്ഘാടന സമ്മേളനത്തില്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റില്‍ കോട്ടയത്തെ പ്രമുഖ താരമായ ഹരീഷ് മുഖ്യ അതിഥിയായി പങ്കെടുക്കും.