കണ്ണൂർ: ‘സാറേ, ഞാൻ ജയിലില്‍നിന്ന് ഇറങ്ങിവരുന്ന വഴിയാണ്… നാട്ടിലേക്ക് പോകുന്നതിനിടെ നിങ്ങളെയൊക്കെ കാണാൻ വന്നതാ…’സെൻട്രല്‍ ജയിലില്‍ തടവുശിക്ഷ കഴിഞ്ഞിറങ്ങിയ മോഷ്ടാവ് യാത്രചോദിക്കാൻ സ്റ്റേഷനിലെത്തിയതില്‍ അമ്ബരന്ന് പോലീസ്. യാത്രചോദിച്ച് പോകുംവഴി ബാറില്‍ കയറി മദ്യപിച്ചു. റോഡരികില്‍ കണ്ട ബൈക്ക് മോഷ്ടിച്ച് കടന്നു. ഒടുവില്‍ പോലീസിന്റെ പിടിയിലായി വീണ്ടും ജയിലിലേക്ക്.
18 കവർച്ചക്കേസുകളില്‍ പ്രതിയായ തൃശ്ശൂരിലെ ഒല്ലൂർ മറത്താക്കര സ്വദേശി ചൂണ്ടയില്‍ വീട്ടില്‍ ബാബുരാജ് (45) ആണ് വിചിത്രമായ ‘പണി’ പോലീസിന് കൊടുത്തത്. കവർച്ചക്കേസുകളില്‍ രണ്ടുവർഷം ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് ബാബുരാജ് കണ്ണൂർ സെൻട്രല്‍ ജയിലില്‍ എത്തിയത്. കഴിഞ്ഞദിവസം ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങി. ജയിലിന് മുന്നില്‍നിന്ന് ബസ് കയറി നേരേ കണ്ണൂർ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക്. ജയിലില്‍നിന്ന് പുറത്തിറങ്ങിയെന്നും യാത്രപറയാൻ വന്നതാണെന്നും പറഞ്ഞു. കള്ളന്റെ ‘നല്ല മനസ്സെന്ന്’ പോലീസുകാർ പരസ്പരം പറഞ്ഞു. മോഷണമൊക്കെ നിർത്തി നല്ലരീതിയില്‍ ജീവിക്കാൻ ഉപദേശവും നല്‍കി യാത്രയാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ നഗരത്തിലെ ഒരു ബാറില്‍നിന്ന് മദ്യപിച്ചിറങ്ങിയ ബാബുരാജിന് രാത്രി വൈകിയത് കാരണം നാട്ടിലേക്കുള്ള ബസ് കിട്ടിയില്ല. നടന്നുപോകുന്നതിനിടെയാണ് എസ്‌എൻ പാർക്കിന് സമീപം നിർത്തിയിട്ട ബൈക്ക് ശ്രദ്ധയില്‍പ്പെട്ടത്. പിന്നൊന്നും നോക്കിയില്ല.
ബൈക്ക് സ്റ്റാർട്ടാക്കി ഓടിച്ചുപോയി. കൊയിലാണ്ടി എത്തിയപ്പോള്‍ ഇന്ധനം തീർന്നു. ഇതോടെ ബൈക്ക് ഉപേക്ഷിച്ചു. പിന്നീട് ടാങ്കർ ലോറിയില്‍ കയറി തൃശ്ശൂരിലേക്ക്. ബൈക്ക് ഉടമ ബാലുശ്ശേരി സ്വദേശിയും കണ്ണൂരിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനുമായ പി.കെ. സനൂജ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ബൈക്കുമായി കടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ മൂന്ന് സ്ഥലങ്ങളില്‍നിന്നായി പോലീസിന് ലഭിച്ചു.
ഒടുവില്‍ ബാബുരാജിനെ കൈയോടെ പൊക്കി. ജയിലില്‍നിന്ന് ഇറങ്ങിയതുമുതല്‍ ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസിനോട് വിശദീകരിച്ചു. പുറത്തിറങ്ങി മൂന്നുദിവസത്തിനുശേഷം വീണ്ടും ജയിലിലേക്ക്.