തകർച്ചയിൽ നിന്നും തകർപ്പൻ സ്‌കോറിലേയ്ക്ക്; പ്രതിഭകൾ തളർന്നപ്പോൾ വാലറ്റത്തിന്റെ പോരാട്ട വീര്യം; അശ്വിന്റെ സെഞ്ച്വറിയും പന്തിന്റെയും ജഡേജയുടെയും ജയ്‌സ്വാളിന്റെയും ചെറുത്തു നിൽപ്പും; ചെന്നൈ ടെസ്റ്റിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ

ചെന്നൈ: തകർച്ചയിൽ നിന്നും പിടിച്ചു കയറ്റിയ വാലറ്റത്തിന്റെ പോരാട്ട വീര്യത്തിനൊടുവിൽ ടീം ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോർ. 34 ന് മൂന്ന് എന്ന നിലയിൽ തവിട് പൊടിയായ ടീം ഇന്ത്യയെ മുന്നൂറ് കടത്തി വാലറ്റത്തിന്റെയും യുവ നിരയുടെയും പോരാട്ടവീര്യം. പ്രതിഭകളും പരിചയസമ്പന്നരുമായ മുന്നേറ്റ നിര കളി മറന്നപ്പോഴാണ് യുവരക്തത്തിന്റെ കൂട്ട് പിടിച്ച് വാലറ്റം മികച്ച ബാറ്റിംങ് നടത്തിയത്. തകർന്നടിഞ്ഞ ടീമിനെ അശ്വിന്റെ സെഞ്ച്വറിയും ജയ്‌സ്വാളിന്റെയും ജഡേജയുടെയും അർദ്ധ സെഞ്ച്വറിയും പന്തിന്റെ കൗണ്ടർ അറ്റാക്കുമാണ് മുന്നിലെത്തിച്ചത്.

Advertisements

ബംഗ്ലാദേശിന്റെ യുവ പേസർ ഹസൻ മഹമ്മദിന്റെ മുന്നിലാണ് ഇന്ത്യൻ മുന്നേറ്റം ബാറ്റിംങ് മറന്നത്. രോഹിത് ശർമ്മ (6), 14 ലും, ഗിൽ (0) 28 ലും, മികച്ച തുടക്കം ലഭിച്ച കോഹ്ലി (6) 34 ലും വീണതോടെ കൂട്ടത്തകർച്ചയുടെ ലക്ഷണം ഇന്ത്യ കാട്ടിത്തുടങ്ങി. ഇവിടെയാണ് പന്തും ജയ്‌സ്വാളും ഒത്തു ചേർന്നത്. 34 ൽ ഒത്തു ചേർന്ന ഇരുവരും ചേർന്ന് സ്‌കോർ 96 ൽ എത്തിച്ചാണ് പിരിഞ്ഞത്. 39 റൺ മാത്രമാണ് പന്ത് എടുത്തതെങ്കിലും ഈ റണ്ണിനായി പന്ത് കാട്ടിയ ആക്രമണോത്സുകതയാണ് ടീം ഇന്ത്യയെ കളിയിലേയ്ക്കു തിരികെ എത്തിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

144 ൽ ജയ്‌സ്വാളും (56), ഇതേ സ്‌കോറിൽ തന്നെ കെ.എൽ രാഹുലും (16) മടങ്ങിയതോടെ ടീം ഇന്ത്യ അതിവേഗം വീഴുമെന്നായി ബംഗ്ലാദേശിന്റെ പ്രതീക്ഷ. എന്നാൽ, ഇവിടെ ഇന്ത്യയുടെ വാലറ്റത്തെ വിശ്വസ്തരായ ജഡേജയും അശ്വിനും ഒത്തു ചേർന്നു. തെല്ലും പരിഭ്രമമില്ലാതെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് ഇതുവരെ ഭേദിക്കപ്പെടാത്ത പാർട്ണർഷിപ്പിലൂടെ ഇന്ത്യയെ 300 കടത്തി. 144 ൽ ഒത്തു ചേർന്ന ഇരുവരും ചേർന്ന് ആറു വിക്കറ്റിൽ 339 എന്ന സ്‌കോറിൽ ഇന്ത്യയെ എത്തിച്ചു.

112 പന്തിൽ നിന്നും രണ്ടു സിക്‌സും പത്ത് ഫോറും പറത്തി ഏക ദിന ശൈലിയിൽ 102 റണ്ണാണ് ഇതുവരെ അശ്വിൻ അടിച്ചെടുത്തിരിക്കുന്നത്. 117 പന്തിൽ നിന്നും 86 റണ്ണാണ് ജഡേജയുടെ സംഭാവന. 18 ഓവർ എറിഞ്ഞ ഹസൻ മഹമ്മൂദ് രോഹിത്, കോഹ്ലി, ഗിൽ, പന്ത് എന്നിവരുടെ വിക്കറ്റ് പിഴുതു. മെഹ്ദി ഹസനും, നഹീദ് റാണയും ഓരോ വിക്കറ്റ് വീതം പിഴുതെടുത്തു.

Hot Topics

Related Articles