ശ്രീനഗർ : ജമ്മുകാശ്മീരിലെ ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ പാക് ഭീകരനെ സുരക്ഷാസേന വധിച്ചു. ലഷ്‌കർ ഇ തൊയ്ബ കമാൻഡർ ഉസ്മാനെയാണ് വധിച്ചത്. ശ്രീനഗറിലെ ജനവാസ മേഖലയായ ഖന്യാറിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനാംഗങ്ങളെ വധിച്ച കേസിലെ പിടികിട്ടാപ്പുള്ളിയാണ് ഉസ്മാൻ. ഏറ്റുമുട്ടലിൽ രണ്ട് സി.ആർ.പി.എഫ് ജവാൻമാർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജമ്മുകാശ്മീരിലെ അനന്ത് നാഗിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മു കാശ്മീരിലെ 30 കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ ഭീകരർക്കായി വ്യാപകമായ തെരച്ചിൽ സുരക്ഷാ സേന നടത്തിയിരുന്നു. ബന്ദിപ്പോര മേഖലയിലും സൈന്യം തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ബുധാഗാം ജില്ലയിൽ വെളളിയാഴ്ച രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്നാണ് സൈന്യം ആന്റി ടെററിസ്റ്റ് ഓപ്പറേഷൻ നടത്തിയത്. കൊല്ലപ്പെട്ടവർ ഉത്തർപ്രദേശ് സ്വദേശികളാണ്. രണ്ടാഴ്ചയ്ക്കിടെ കാശ്മീർ താഴ്വരയിൽ അന്യസംസ്ഥാനക്കാർക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ഒക്ടോബർ 20ന് ഗംദേർബൽ ജില്ലയിലെ ടണൽ നിർമ്മാണ സൈറ്റിൽ നടന്ന ഭീകരാക്രമണത്തിൽ ഒരു ഡോക്ടറും രണ്ട് അന്യസംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ ഏഴ് പേർ വെടിയേറ്റ് മരിച്ചിരുന്നു.