പഹൽഗാം ഭീകരാക്രമണം: ജമ്മു കശ്മീരിലെ 50ഓളം വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

ശ്രീന​ഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ 50ഓളം വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായി റിപ്പോർട്ട്. വിനോദ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. ജമ്മു കശ്മീരിലുടനീളമുള്ള 50 ഓളം പൊതു പാർക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പഹൽഗാം ഭീകരാക്രമണം നടന്ന് ഒരാഴ്ച കഴിഞ്ഞാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാനുള്ള തീരുമാനം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.  

Advertisements

കശ്മീരിൽ ആകെ 87 പൊതു പാർക്കുകളും ഉദ്യാനങ്ങളുമാണുള്ളതെന്നാണ് കണക്കുകൾ. ഇതിൽ 48 എണ്ണത്തിന്റെ ഗേറ്റുകൾ അടച്ചിട്ടിരിക്കുകയാണെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദൂഷ്പത്രി, കൊക്കർനാഗ്, ദുക്സം, സിന്താൻ ടോപ്പ്, അച്ചബാൽ, ബംഗസ് വാലി, മാർഗൻ ടോപ്പ്, തോസാമൈദാൻ തുടങ്ങിയ പ്രശസ്തമായവയും പ്രശസ്തിയാർജിച്ചു വരുന്നതുമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടവയിൽ ഉൾപ്പെടുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സർക്കാർ ഉത്തരവുകളൊന്നും പുറത്തുവന്നിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിനോദസഞ്ചാരം കശ്മീരിലെ ഒരു പ്രധാന സാമ്പത്തിക സ്രോതസ്സായതിനാൽ ഈ അടച്ചുപൂട്ടൽ വലിയ തിരിച്ചടിയാണ്. എന്നിരുന്നാലും, തദ്ദേശവാസികളുടെയും സന്ദർശകരുടെയും സുരക്ഷയാണ് മുൻ‌ഗണനയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചിരിക്കുകയാണ്. 

ഏപ്രിൽ 28-29 രാത്രിയിൽ പാകിസ്ഥാൻ സൈന്യം നിയന്ത്രണ രേഖയ്ക്ക് കുറുകെ പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിയിരുന്നു. കുപ്വാര, ബാരാമുള്ള ജില്ലകൾക്കും അഖ്നൂർ സെക്ടറിനും എതിർവശത്തുള്ള പ്രദേശങ്ങൾ ലക്ഷ്യമിട്ടായിരുന്നു വെടിവെയ്പ്പ്. പ്രകോപനത്തിന് കൃത്യമായ മറുപടി നൽകിയതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.

കശ്മീർ ആക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്ഥാനും പരസ്പരം നിരവധി നടപടികൾ സ്വീകരിച്ചു. പ്രധാനപ്പെട്ട നദി പങ്കിടൽ കരാറായ സിന്ധു നദീജല ഉടമ്പടി ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചു. ഇതിന് പിന്നാലെ പാകിസ്ഥാൻ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് മുന്നിൽ വ്യോമാതിർത്തി അടച്ചു. അതേസമയം, പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികളും സൈന്യത്തിന്റെ തയ്യാറെടുപ്പും വിശദീകരിക്കുന്നതിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. നിയന്ത്രണ രേഖയിലെ നിരവധി ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ സൈന്യം വെടിയുതിർത്തതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഇരുവരുടെയും കൂടിക്കാഴ്ച നടന്നത്.

Hot Topics

Related Articles