ജമ്മുകാശ്മീരില്‍ നിന്ന് ഭീകരതയെ വേരോടെ പിഴുതെറിയുന്നതില്‍ വിട്ടുവീഴ്ചയില്ല : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ നിന്ന് ഭീകരതയെ വേരോടെ പിഴുതെറിയുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.ഭീകരതയെ നൂതന തന്ത്രങ്ങളിലൂടെ നേരിട്ട് മാതൃക സൃഷ്ടിക്കാൻ മോദി ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ വ്യക്തമാക്കി. ജമ്മു കാശ്‌മീരിലെ സുരക്ഷാ സാഹചര്യവും അമർനാഥ് യാത്രയുടെ തയ്യാറെടുപ്പും അവലോകനം ചെയ്യുന്നതിന് ഡല്‍ഹി നോർത്ത് ബ്ലോക്കിലെ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത് ചേർന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

ജമ്മുകാശ്‌മീരിലെ സുരക്ഷയുടെ കാര്യത്തില്‍ എൻ.ഡി.എ സർക്കാരിന്റെ കർശന നിലപാടുകളില്‍ വിട്ടുവീഴ്‌ച പാടില്ല. കാശ്മീർ താഴ്‌വരയില്‍ കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങള്‍ പോസിറ്റീവ് ഫലങ്ങള്‍ നല്‍കി. ആക്രമണങ്ങളില്‍ ഗണ്യമായ കുറവുണ്ടായി. ക്രമസമാധാന നിലയിലെ പുരോഗതി വിനോദസഞ്ചാരികളുടെ റെക്കാഡ് ഒഴുക്കില്‍ പ്രതിഫലിക്കുന്നുണ്ടെന്നും ഷാ അഭിപ്രായപ്പെട്ടു. സുരക്ഷയിലും ഭീകരരരെ നിയന്ത്രിക്കുന്നതിലും നേടിയ വിജയം നിലനിറുത്താൻ സുരക്ഷാ ഏജൻസികളോട് നിർദ്ദേശിക്കുകയും ചെയ്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ജമ്മു കാശ്‌മീർ ലെഫ്‌റ്റനന്റ് ഗവർണർ മനോജ് സിൻഹ, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക്ക, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, നിയുക്ത കരസേനാ മേധാവി ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി, സി.ആർ.പി.എഫ് ഡിജി അനീഷ് ദയാല്‍, ബി.എസ്.എഫ് ഡിജി നിതിൻ അഗർവാള്‍, ജമ്മു കശ്മീർ ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Hot Topics

Related Articles