കോട്ടയം: മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി നടന്നുവന്ന കൊടൂരാറിൻ്റെ ജനകീയ ശുചീകരണം പുനരാരംഭിച്ചു. അതിതീവ്ര മഴ മൂലം ജല നിരപ്പുയർന്ന് ഒഴുക്ക് വർദ്ധിച്ചതിനാൽ ജെസിബി ഉപയോഗിച്ചുള്ള ശുചീകരണം താല്ക്കാലികമായി ജനകീയ കൂട്ടായ്മ നിർത്തിവച്ചിരുന്നു. പോളയും പായലും മാലിന്യവും നീക്കിയതിനെ തുടർന്ന് കോടിമത ബോട്ട് ജട്ടിയിൽ നിന്നും ആലപ്പുഴയ്ക്കുള്ള ബോട്ട് സർവീസ് പുനരാരംഭിക്കാനായി. എന്നാൽ പുതുപ്പള്ളി മുതൽ കൊടൂരാറിൻ്റെ തീരങ്ങളിലെ പാടശേഖരങ്ങളിലെ പോള ഒഴുകിയെത്തിയതോടെ നാട്ടകം സിമൻ്റ് ഫാക്ടറിക്ക്മുന്നിലുള്ള പാലത്തിൻ്റെ അടിയിൽ തടസ്സങ്ങൾ രൂപപ്പെട്ട് നദി ഒഴുക്ക് തടസ്സപ്പെട്ടു. മറ്റു പല പാലങ്ങളുടേയും അടിയിൽതടസ്സങ്ങളുണ്ട്. ഇവയെല്ലാം നീക്കുന്ന പ്രവർത്തനമാണ് പ്രാദേശികമായി രൂപീകരിച്ച ജനകീയ കൂട്ടായ്മ കൺവീനറായ ബി.ശശികുമാറിൻ്റെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം നടപ്പാക്കി വരുന്നത്.
ലേക്ക് സിറ്റി ലയൺസ് ക്ലബ്ബ്, ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസ്, കോട്ടയം പോർട്ട്, ഉൾപ്പടെയുള്ള സ്ഥാപനങ്ങളും, വ്യക്തികളും സ്പോൺസർമാരായി. ഡോ പുന്നൻകര്യൻ വേങ്കിടത്ത്, മുഹമ്മദ് സാജിദ്, കെ.എം. സിറാജ്, എസ്.ഡി.രാജേഷ്, കൗൺസിലർമാരായ ഷീജാ അനിൽ, ദീപാ മോൾ, ആൻ്റണി, നോമി മാത്യൂ എന്നിവർ ശുചീകരണ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. കോട്ടയം ബോട്ട് ജെട്ടി ഓഫീസിലെ ജീവനക്കാരുടെ കൂട്ടായ്മയും പരിപാടിയിൽ പങ്കാളിയായി. നവകേരള മിഷൻ വൈസ് ചെയർമാൻ ഡോ. ടി.എൻ സീമ, ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി ഐഎഎസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിന്ദു, കൗൺസിലർ 45-ാം വാർഡ് കൗൺസിലർ ഷീല സതീഷ്, ഹോട്ടൽ വിൻസർ കാസിൽ, വേമ്പനാട്ട് ലേയ്ക്ക് റിസോർട്ട്, സിപിഐഎം കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാർ തുടങ്ങി പൊതു സമൂഹവും മാധ്യമങ്ങളും ജലവിഭവ വകപ്പ് ഉദ്യോഗസ്ഥരും സഹകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള സർക്കാരിൽ നിന്നും പണം കൈപ്പറ്റാതെ ആറ് വർഷമായി കോട്ടയത്തു നടക്കുന്ന നദീശുചീകരണ പ്രവർത്തനങ്ങൾ തുടരുമെന്ന് പദ്ധതി കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ പറഞ്ഞു.