ജനമൈത്രി പൊലീസ് കൊല മൈത്രിയായി : മുഖ്യമന്ത്രിക്ക് കരുണയുണ്ടെങ്കിൽ കുറ്റക്കാരായ പോലീസുകാരെ പുറത്താക്കണം : കെ സി വേണുഗോപാൽ

കൽപ്പറ്റ : ജനമൈത്രി പോലീസിനെ പിണറായി വിജയൻ കൊലമൈത്രി പോലീസാക്കിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കുന്നംകുളം പോലീസിന്റെ കസ്റ്റഡി മർദനത്തിന് വിധേയനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ ചൊവ്വന്നൂരിലെ വീട്ടിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

Advertisements

പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് കൊണ്ട് പ്രശ്നം തീരില്ല. ഈ പോലീസ് ഉദ്യോഗസ്ഥൻമാർക്ക് സർവീസില്‍ തുടരാൻ അർഹതയില്ല. മുഖ്യമന്ത്രിക്ക് അല്‍പമെങ്കിലും കരുണ ഉണ്ടെങ്കില്‍ ക്രിമിനലുകളായ ഉദ്യോഗസ്ഥരെ സർവീസില്‍നിന്ന് പുറത്താക്കണം. ഇതില്‍ സർക്കാരിന്റെ നിലപാടെന്താണെന്ന് അറിയണം. വി.എസ്.സുജിത്ത് നമ്മുടെ നാട്ടില്‍ പോലീസിന്റെ നരനായാട്ടിന് വിധേയമായവരുടെ പ്രതീകമാണ്. പോലീസിനെ നരനായാട്ടിന്റെ കാരണക്കാരനാക്കിയ കാരണഭൂതനെന്നായിരിക്കും പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുക. ഇത്രയേറെ മൃഗീയ സംഭവം പുറത്ത് വന്നിട്ടും ഒരക്ഷരം പ്രതികരിക്കാതെ അഭംഗുരം അത് തുടരട്ടെയെന്ന് മൗനാനുവാദം നല്‍കുകയാണ് മുഖ്യമന്ത്രി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ഒൻപത് വർഷത്തെ പിണറായി സർക്കാരിന്റെ പോലീസ് നയം എന്താണെന്ന് കാട്ടിത്തന്ന സംഭവമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്ത് നേരിട്ട ക്രൂരമർദനം. 2023 ല്‍ നടന്ന സംഭവം മൂടിവെയ്ക്കാനാണ് സർക്കാരും പോലീസും ശ്രമിച്ചത്. സുജിത്തിന് മർദനം മേല്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരുന്നതിന് മുൻപ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ കണ്ടിരുന്നു. കസ്റ്റഡി മർദനത്തെ കുറിച്ച്‌ അവർക്ക് അറിവുണ്ടായിരുന്നു. എന്നിട്ടും പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തില്ല. പകരം ഇവരുടെ ഇൻക്രിമെന്റ് കട്ടുചെയ്യുക മാത്രമാണ് ചെയ്തത്.

മൃഗീയ അക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പേരിന് നടപടിയെടുത്ത് സംരക്ഷിച്ച ഉന്നത ഉദ്യോഗസ്ഥരും കുറ്റകൃത്യത്തില്‍ പങ്കാളികളായ പോലീസുകാരെപോലെ തുല്യപ്രതികളാണ്. കീഴുദ്യോഗസ്ഥർ മോശം പ്രവൃത്തി ചെയ്താല്‍ നടപടിയെടുക്കേണ്ടത് ഉന്നത ഉദ്യോഗസ്ഥരാണ്. അവരെ നിയന്ത്രിക്കേണ്ടത് രാഷ്ട്രീയ മേധാവികളാണ്. അതിനാല്‍ ഈ സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമുണ്ട്. സിപിഎമ്മിലെ ക്രിമിനലുകള്‍ക്ക് പോലീസ് സംരക്ഷണം ഒരുക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

കേസ് ഒതുക്കി തീർക്കാൻ പ്രലോഭനങ്ങളുണ്ടായിട്ടും അതിന് വഴങ്ങാതെ പോരാടിയ വർഗീസും സുജിത്തും രാജ്യത്തെ എല്ലാ കോണ്‍ഗ്രസ് പ്രവർത്തകർക്കും അഭിമാനമാണ്. സുജിത്തിന്റെ കൂടെ കോണ്‍ഗ്രസുണ്ടാകും. സുജിത്തിന്റെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് എഐസിസി സഹായം നല്‍കും. സുജിത്തിന്റെ നിയമ പോരാട്ടത്തിന് ഒപ്പം നിന്ന വർഗീസിന് പാർട്ടിയില്‍ സ്ഥാനക്കയറ്റം നല്‍കുമെന്നും ഇക്കാര്യം കെപിസിസി പ്രസിഡന്റിനോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.എസ്. സുജിത്തിന് വിവാഹ മംഗളാശംസകള്‍ നേർന്ന കെ.സി. വേണുഗോപാല്‍ ഒരു പവന്റെ സ്വർണമോതിരം സമ്മാനിക്കുകയും ചെയ്തു.

Hot Topics

Related Articles