വെല്ലിംഗ്ടൺ: ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡെണിന്റെ രാജി പ്രഖ്യാപനം സംബന്ധിച്ച വിവാദ തലക്കെട്ടിൽ ക്ഷമാപണവുമായി ബി ബി സി. ‘ജസീന്ത ആർഡെൺ രാജിവയ്ക്കുന്നു, പെണ്ണിന് എല്ലാം സാധിക്കുമോ?’ എന്നതായിരുന്നു തലക്കെട്ട്. ഇത് രൂക്ഷവിമർശനത്തിനിടയാക്കിയതോടെയാണ് തലക്കെട്ട് തെറ്റായിപ്പോയെന്ന് സമ്മതിച്ച് ബി ബി സി രംഗത്തെത്തിയത്.
വ്യാഴാഴ്ചയാണ് തലക്കെട്ട് അടങ്ങുന്ന ലിങ്ക് ബി ബി സി ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെ ഇത് ലിംഗവിവേചനമാണെന്നും സ്ത്രീവിരുദ്ധതയാണെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ആരോപണങ്ങളെ തുടർന്ന് ബി ബി സി തലക്കെട്ട് മാറ്റുകയും പഴയ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തലക്കെട്ട് വാർത്തയ്ക്ക് അനുയോജ്യമല്ലെന്ന് മനസിലാക്കി അതിനനുസരിച്ച് അത് മാറ്റിയെന്നും അനുബന്ധ ട്വീറ്റുകളും ഇല്ലാതാക്കിയെന്നും ബി ബി സി വക്താവ് അറിയിച്ചു. അതേസമയം, പ്രധാനമന്ത്രി സ്ഥാനവും ലേബർപാർട്ടി നേതൃസ്ഥാനവും രാജിവയ്ക്കുമെന്ന് തീരുമാനത്തിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് ജസീന്ത ആർഡേൺ രംഗത്തെത്തി. ഇതിൽ തനിക്ക് പശ്ചാത്താപമില്ലെന്നും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
ഫെബ്രുവരി ഏഴിനാണ് ജസീന്ത സ്ഥാനമൊഴിയുന്നത്. പുതിയ നേതാവിനെയും പ്രധാനമന്ത്രിയെയും തിരഞ്ഞെടുക്കാനുള്ള നടപടികൾ ലേബർ പാർട്ടി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 2017ലാണ് ന്യൂസിലാൻഡിന്റെ പ്രധാനമന്ത്രിയായി ജസീന്ത അധികാരമേറ്റത്. അന്ന് അവർക്ക് വെറും മുപ്പത്തിയേഴ് വയസ് മാത്രമായിരുന്നു പ്രായം. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു അവർ.