തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ പുണ്യാഹം നടത്താനൊരുങ്ങി ദേവസ്വം. റീൽസ് ചിത്രീകരിക്കാനായി അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയ സംഭവത്തെ തുടർന്നാണ് പുണ്യാഹം നടത്തുന്നതെന്നും ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കുമെന്നും ദേവസ്വം ബോർഡ് ഭാരവാഹികൾ അറിയിച്ചു.

നാളെ രാവിലെ മുതൽ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. നാളെ ഉച്ചവരെ ദർശനത്തിന് നിയന്ത്രണവും ഉണ്ടാകും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫറാണ് റീൽസ് ചിത്രീകരണത്തിനായി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ഇറങ്ങിയത്. ജാസ്മിൻ ജാഫർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് റീൽസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്നത് ക്ഷേത്രക്കുളത്തിലാണ്. ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തിൽ വീഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. അഹിന്ദുക്കൾക്ക് കുളത്തിലിറങ്ങാൻ അനുമതിയുമില്ല. അനുമതിയില്ലാതെ റീൽസ് ചിത്രീകരിച്ചതിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് പരാതി നൽകിയത്.

മതവികാരം വ്രണപ്പെടുത്തലും, കലാപാഹ്വാനം ഉയർത്തിക്കൊണ്ടുള്ള നടപടിയാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ പരാതി നൽകിയിരിക്കുന്നത്. സംഭവം വിവാദമായയതോടെ ജാസ്മിൻ ജാഫർ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് വിചാരിച്ചോ ചെയ്തതല്ലെന്നും അറിവില്ലായ്മ കൊണ്ട് തന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റിന് മാപ്പ് ചോദിക്കുന്നുമെന്നുമായിരുന്നു ജാസ്മിന്റെ പ്രതികരണം.
