മുല്ലപ്പൂവിന് പൊള്ളുന്ന വില. പൂക്കൾ വില്പനക്കാർ പ്രതിസന്ധിയിൽ. കഴിഞ്ഞ ആഴ്ച വരെ കിലോയ്ക്ക് 600 രൂപ വരെ വിലയുണ്ടായിരുന്ന മുല്ലപ്പൂവിന് 3500 രൂപ വരെ എത്തിയതാണ് പൂക്കൾ വില്ക്കുന്ന കച്ചവടക്കാരെ പ്രതിസന്ധിയിൽ ആക്കുന്നത്. ശബരിമല സീസൺ മുതലെടുത്ത് തമിഴ്നാട്ടിലെ വൻകിട കച്ചവടക്കാർ നടത്തുന്ന ഒത്തുകളിയാണ് ഇത്ര എറെ വില വർദ്ധിക്കാൻ കാരണമെന്ന് ചെറുകിട കച്ചവടക്കാർ ആരോപിക്കുന്നു.
ഒരു മുഴം പൂവിന് 30 രൂപ മുതൽ 40 രൂപയ്ക്കു വരെ വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോൾ 100 രൂപ മുതൽ 120 രൂപയ്ക്കു വരെ വിറ്റെങ്കിൽ മാത്രമേ നഷ്ടമില്ലാതെ കച്ചവടം നടത്തുവാൻ സാധിക്കൂ എന്ന് ചെറുകിട കച്ചവടക്കാർ പറയുന്നു. വില കൂടിയതോടെ മുല്ലപ്പൂ വാങ്ങുന്നവരുടെ എണ്ണവും കുറയുന്നതായും ഇവർ പറയുന്നു. നൂറു കണക്കിന് കച്ചവടക്കാരാണ് പൂക്കളുടെ വില്പന നടത്തി ഉപജീവനമാർഗം കണ്ടെത്തുന്നത് .