ന്യൂയോര്‍ക്ക് : മുൻ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വൻ തുക പിഴ ചുമത്തി അമേരിക്കൻ കോടതി. ട്രംപിനെതിരായ കേസ് പരിഗണിക്കുന്ന കോടതിയിലെ ഉദ്യോഗസ്ഥയെപ്പറ്റി നടത്തിയ ആക്ഷേപ പരാമര്‍ശങ്ങളുടെ പേരിലാണ് പിഴ. ആക്ഷേപ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാനുള്ള കോടതി വിധി പാലിക്കുന്നതിലുണ്ടായ അശ്രദ്ധ മൂലം 5,000 ഡോളര്‍ (4 ലക്ഷം ഇന്ത്യൻ രൂപ) ആണ് മുൻ പ്രസിഡന്റ് ഈയിനത്തില്‍ പിഴയായി നല്‍കേണ്ടത്.
മാൻഹട്ടൻ കോടതി ജഡ്ജി ആര്‍തര്‍ എൻഗോറോണ്‍ ആണ് ശിക്ഷ വിധിച്ചത്. രൂക്ഷ വിമര്‍ശനത്തോടൊപ്പമാണ് ജഡ്ജി ട്രംപിന് പിഴ ചുമത്തിയത്. ട്രംപിനെ ജയിലിലടക്കാൻ വരെ കഴിയുന്ന കുറ്റമാണിതെന്ന് വിധി പ്രസ്താവിക്കവേ കോടതി നിരീക്ഷിച്ചു. ഭാവിയില്‍ ഇത്തരം പ്രവര്‍ത്തികള്‍ തുടര്‍ന്നാല്‍ കൂടുതല്‍ കഠിനമായ ശിക്ഷ നടപടികള്‍ക്ക് വിധേയനാക്കുമെന്നും അത് തടവ് ശിക്ഷ വരെയാകാമെന്നും ജഡ്ജി മുന്നറിയിപ്പ് നല്കി. തത്കാലം കോടതിയലക്ഷ്യ കുറ്റം ചുമത്തുന്നില്ലെന്നും ജഡ്ജി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തനിക്കെതിരായ സിവില്‍ തട്ടിപ്പ് കേസ് പരിഗണിക്കുന്ന കോടതിയിലെ ജഡ്ജിയുടെ ഗുമസ്തയെ തൻ്റെ സ്വന്തം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അവഹേളിച്ചിരുന്നു. റിപ്പബ്ലിക്കൻ പാര്‍ട്ടിക്കാരനായ ട്രംപ്, സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമറിനൊപ്പമുള്ള ഗുമസ്തയുടെ ചിത്രം ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ചിരുന്നു. ഇതോടൊപ്പം ഗുമസ്ത ചക്ക് ഷൂമറിന്റെ കാമുകിയിയാണെന്നും ട്രംപ് പരിഹസിച്ചു.