കൊച്ചി: കേരളത്തെ ഞെട്ടിച്ച ജിഷാ വധക്കേസിലേയും ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലേയും പ്രതികളുടെ വധ ശിക്ഷ പുനഃപരിശോധിക്കാനൊരുങ്ങി ഹൈക്കോടതി. ഇതിനായി മിറ്റിഗേഷന്‍ ഇന്‍വസ്റ്റിഗേഷന്‍ കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്, ജസ്റ്റിസ് സി. ജയചന്ദ്രന് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് ഉത്തരവിട്ടത്.
പ്രതികളുടെ മാനസിക നില ഉൾപ്പടെയുള്ള മറ്റു പശ്ചാത്തലങ്ങള്‍ കൂടി പരിഗണിക്കണമെന്ന സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദേശത്തിലാണ് ഉത്തരവ്. കേസുകളിലെ പ്രതികളുടെ സ്വഭാവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജയില്‍ വകുപ്പിന് കോടതി നിര്‍ദേശം നല്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതികളുടെ മാനസിക നില, കുറ്റകൃത്യത്തിന് മുന്‍പും ശേഷവുമുള്ള സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, നേരത്തേ ഇവര്‍ ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങള്‍ നേരിട്ടിട്ടുണ്ടോ, സാമൂഹിക സാമ്പത്തിക സാഹചര്യം എന്നിവ പരിശോധിക്കും.
ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും വധ ശിക്ഷയില്‍ തീരുമാനമെടുക്കുന്നത്. ഇതിനായി രണ്ട് കേസുകളിലെ കുറ്റവാളികളെയും പാര്‍പ്പിച്ച ജയില്‍ അധികൃതരോട് പ്രതികളുടെ മാനസിക നില, സ്വഭാവം എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2016-ൽ ജിഷ വധവും, 2014 ൽ ആറ്റിങ്ങൽ ഇരട്ടക്കൊലപാതകവും കേരളത്തിൽ നടന്നത്. കുറ്റവാളികളുടെ അഭിഭാഷകന് വധശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ ആദ്യത്തെ മിറ്റിഗേഷൻ ഇൻവസ്റ്റിഗേഷനാണ് ഇപ്പോൾ കോടതി ഉത്തരവിട്ടിരിക്കുന്നത്. കുറ്റവാളികളുടെ വധശിക്ഷയില്‍ ഇളവ് കൊണ്ടുവരുന്നതിനാണ് മിറ്റിഗേഷന്‍ അന്വേഷണം.