ജീവിതം നിങ്ങളെ ഒരു ക്രിക്കറ്ററാക്കുകയാണെങ്കിൽ നിങ്ങൾക്ക് രണ്ടു വഴികളുണ്ട്.ഒന്നുകിൽ നിങ്ങൾക്ക് കെ എൽ രാഹുലാകാം;നിങ്ങൾക്കുള്ള അസാമാന്യപ്രതിഭയെ എങ്ങനെ ഉപയോഗിക്കണമെന്നറിയാതെ ഇടിമണ്ണിൽ നിന്നും പടുകുഴിയിലേക്ക് താണുകൊണ്ടിരിക്കാം.അതല്ലെങ്കിൽ നിങ്ങൾക്ക് മുഹമ്മദ് സിറാജാകാം;നിങ്ങളുടെ പരിമിതികളെയും നിങ്ങൾക്കു നേരിടേണ്ടി വന്ന പരിഹാസങ്ങളെയും ഒരുപോലെ നേരിട്ട്,അവയെ ഇന്ധനമാക്കിക്കൊണ്ട് നിരന്തരമായ സാധന കൊണ്ട് പുതിയ ചക്രവാളങ്ങളിലേക്ക് കുതിച്ചുയരാം.
ഫെയറിടെയിലുകൾ ഏതൊരു സ്പോർട്സ് സ്റ്റോറിയുടെയും ഏറ്റവും പ്രിയപ്പെട്ട ഫീച്ചറാണ്.സിറാജിന്റെ ഉയർച്ച സമീപകാലഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും അവിശ്വസനീയമായ ഫെയറിടെയ്ൽ ആണെന്നു തോന്നാറുണ്ട്.ചിത്രകഥകളിലൊക്കെ പണ്ട് വായിച്ചതുപോലെ ഒന്നുമില്ലായ്മയിൽ നിന്ന് സമ്പൂർണതയിലേക്ക് വളർന്ന ഒരു അത്ഭുതബാലന്റെ കഥ.’ചെണ്ടസിറാജി’ൽ നിന്നും ‘സിറാജിക്ക’യിലേക്കുള്ള അയാളുടെ വളർച്ചയെ അതിശയത്തോടെയല്ലാതെ കാണാൻ കഴിയില്ല.ഇന്ത്യൻ ജെഴ്‌സിയിൽ 2020-21ലെ ടൂർ ഡൗൺ അണ്ടറിലെ ഇൻസ്പയേഡ് പെർഫോമൻസായും,ഏകദിനക്രിക്കറ്റ് ബൗളിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനമായും അയാൾ മറുചോദ്യങ്ങൾക്കടിസ്ഥാനമില്ലാതെത്തന്നെ തന്റെ സ്ഥാനം അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും,ഏറ്റവുമധികം അവഹേളനങ്ങൾക്കു താൻ പാത്രമായ ഐ.പി.എല്ലിൽ അത്തരമൊരു സെൽഫ് ഡിഫൈനിംഗ് സീസൺ ബാക്കിയുണ്ടായിരുന്നു.കഴിഞ്ഞ രണ്ട് വർഷവും അയാൾ അതിനടുത്തെത്തിയിരുന്നെങ്കിൽ ഇത്തവണ അനിവാര്യമായ ആ പീക്കിനെ അയാൾ സ്പർശിച്ചിരിക്കുന്നു എന്നു പറയാതെ വയ്യ.40 റൺസേ സിറാജ് വഴങ്ങിയുള്ളൂവെങ്കിൽ അതുപോലും നേട്ടമാണെന്ന് ആർസിബി ആരാധകർ പോലും കരുതിയിരുന്ന മാച്ചപ്പുകളിൽ നിന്ന് അയാൾ ഇന്നേറെ വളർന്നിരിക്കുന്നു.സിറാജിനെ പ്ലേ ഔട്ട് ചെയ്യുക എന്ന രീതിയിലേക്ക് എതിർ ബാറ്റർമാർ സ്ട്രാറ്റജി മാറ്റിയിട്ടുണ്ടെങ്കിൽ അതിനേക്കാൾ വലിയ അംഗീകാരമൊന്നും അയാൾക്കു നൽകാനില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പവർപ്ലേയിൽ സ്വിംഗിംഗ് ഡെലിവറികളായും,മിഡിൽ ഓവറുകളിൽ വിക്കറ്റ് ടു വിക്കറ്റ് പന്തുകളായും,ഡെത്ത് ഓവറുകളിൽ യോർക്കറുകളായും സിറാജ് കളം നിറയുമ്പോൾ ഒരു കംപ്ലീറ്റ് വൈറ്റ്ബോൾ പാക്കേജാണ് ഷോക്കേസ് ചെയ്യപ്പെടുന്നത്.ഇന്ന് അഥർവ്വ ടെയിഡയെ പുറത്താക്കാൻ അയാൾ എറിയുന്ന പീച്ച് ഓഫ് എ ഡെലിവറിയുണ്ട്;എല്ലാ അർത്ഥത്തിലും അൺപ്ലെയബ്ൾ ആയ ഒരു ഡിപ്പിംഗ് ഇൻ സ്വിങ്ങൾ.തന്റെ രണ്ടാം ഓവറിൽ ലിവിംഗ്സ്റ്റണിനെതിരെയുള്ള എൽ.ബി.ഡബ്ല്യു അപ്പീലിൽ ഡി.ആർ.എസിന് പോകാൻ ക്യാപ്റ്റനെ നിർബന്ധിക്കുന്ന സിറാജ് പീക്ക് ഫോമിൽ നിൽക്കുന്ന ഒരു ക്രിക്കറ്ററുടെ സകല ക്രിക്കറ്റ് അക്യുമനും കാണിക്കുന്നുണ്ട്.പതിനാലാം ഓവറിൽ സിറാജ് പന്തെറിയാൻ വീണ്ടുമെത്തുമ്പോൾ മത്സരം ഏതുഭാഗത്തേക്കും തിരിയാമെന്ന നിലയിലായിരുന്നു.ജിതേഷ് ശർമ്മയുടെ സ്ലോഗിംഗ് വില്ലോയ്ക്ക് യാതൊരവസരവും നൽകാതെ വെറും നാലു റൺസ് മാത്രം വിട്ടുനൽകിക്കൊണ്ട് അയാൾ വീണ്ടും തന്റെ ടീമിന് അഡ്വാന്റേജ് നൽകുന്നു.ഒടുവിൽ 3 ഓവറിൽ 30 റൺസ് എന്ന നിലയിൽ എറിയാനെത്തിയ പതിനെട്ടാം ഓവറിൽ ബ്രാറിനെയും,എലിസിനെയും കൂടെ പഞ്ചാബ് കിങ്സിനെത്തന്നെയും മത്സരത്തിൽ നിന്നും ക്ലീൻബൗൾ ചെയ്യുകയാണ് സിറാജ്.
ഇത് സിറാജിന്റെ കാലമാണ്; എഴുതിത്തള്ളപ്പെട്ടവൻ കഠിനാദ്ധ്വാനമൊന്നുകൊണ്ടുമാത്രം എഴുതപ്പെടുന്നവനായി മാറിയ അത്ഭുതകഥ.ആ കഥയിലെ അത്ഭുതബാലനെ ചേർത്തു നിർത്തിയ,അവന്റെ ചിറകിന് പറക്കാനാവശ്യമായ ആത്മവിശ്വാസം പകർന്ന രണ്ടുപേരുണ്ട്.അവരെക്കുറിച്ച് പരാമർശിക്കാതെ സിറാജ് സ്റ്റോറിയവസാനിപ്പിക്കുന്നതെങ്ങനെ?!ഭരത് അരുൺ എന്ന ആർ.സി.ബി കോച്ചും പിന്നെ വിരാട് കോലിയെന്ന നായകനും.അവരില്ലെങ്കിൽ ഒരുപക്ഷേ ഇന്നത്തെ സിറാജ് ഉണ്ടാകുമായിരുന്നോ എന്നുതന്നെ സംശയമാണ്.
സിറാജ്,ദിസ് നൈറ്റ് ബിലോങ്സ് ടു യൂ;സോ ഈസ് ദിസ് ടൈം.കണ്ടിന്യൂ എൻത്രാളിംഗ് അസ് ❤️