കോട്ടയം: നഗരത്തിൽ പൊരി വെയിലത്ത് നടുറോഡിൽ മണിക്കൂറുകളോളം ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി മാതൃകയായി മിഡാസ് ഗ്രൂപ്പ്. കഴിഞ്ഞ അഞ്ച് വർഷമായി മുടങ്ങാതെ പൊലീസുകാർക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത് മിഡാസ് റബ്ബർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. അഞ്ച് വർഷം മുൻപ് അന്നത്തെ പൊലീസ് മേധാവിയായിരുന്ന വി എം മുഹമ്മദ് റഫീഖ് കോട്ടയം ഗാന്ധിസ്‌ക്വയറിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
മിഡാസ് ഗ്രൂപ്പിന്റെ ഈ കാരുണ്യ സ്‌നേഹത്തിന് കോട്ടയം ട്രാഫിക് പൊലീസ് മിഡാസ് റബ്ബർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഓഫീസിലെത്തി സ്നേഹാദരവ് നല്കി. കോട്ടയം ഡിവൈഎസ്‌പി ജെ സന്തോഷ് കുമാറിൽ നിന്ന് കമ്പനി ഡയറക്ടർ പൗലോസ് വർഗീസ് ഉപഹാരം ഏറ്റുവാങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊരിവെയിലത്ത് ട്രാഫിക് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ കുടിവെള്ളമില്ലാതെ അനുഭവിക്കുന്ന ദുരിതങ്ങൾ അഞ്ച് വർഷം മുൻപ് വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ഉടൻ അടിയന്തിരമായി പൊലീസുകാർക്ക് കുടിവെള്ളം നല്കാൻ പൗലോസ് വർഗീസ് മിഡാസ് ജീവനക്കാർക്ക് നിർദ്ദേശം നല്കുകയായിരുന്നു.
അന്നു മുതൽ ഇന്ന് വരെ കോട്ടയത്തെ ട്രാഫിക് പൊലിസിന് കുടിവെള്ളം മുട്ടിയിട്ടില്ല. ആദരിക്കൽ ചടങ്ങിൽ മിഡാസ് പിആർഒ ഗോപകുമാർ, ട്രാഫിക് എസ്‌എച്ച്‌ഒ ഹരിഹരകുമാർ, കേരള പൊലീസ് അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി കെ ടി അനസ്, സ്റ്റേഷൻ പിആർഒ സിബി ജോസഫ്, റൈറ്റർ സന്തോഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.