ഇ.പി ജയരാജൻ്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി ; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: ഇപി ജയരാജൻ്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം എന്ന വ്യാജേന ആലപ്പുഴയിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അനിൽകുമാർ ആണ് പിടിയിലായത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. 

Advertisements

ആലപ്പുഴ ജനറൽ ആശുപത്രിയുടെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യുമ്പോൾ നഴ്സുമാരുടെ ഒഴിവുണ്ടെന്നും നിയമനം നൽകാമെന്നും പറഞ്ഞാണ് ഇയാൾ ആളുകളെ സമീപിച്ചത്. അഞ്ച് മാസം താൽക്കാലിക നിയമനവും തുടർന്ന് സ്ഥിരം നിയമനവുമായിരുന്നു വാഗ്ദാനം. മുൻമന്ത്രിയും സിപിഎം നേതാവുമായ ഇ പി ജയരാജൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വാധീനമുണ്ടെന്ന് തെളിയിക്കാൻ പണം നൽകിയവരെ ആശുപത്രിയിൽ വിളിച്ചു വരുത്തി ആരോഗ്യ വകുപ്പിൻ്റെ ഐഡി കാർഡ് ധരിച്ച് ആശുപത്രി സൂപ്രണ്ടിൻ്റെ ഓഫീസിൽ കയറിയിറങ്ങുകയും ചെയ്തു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ദിവസം പ്രതിയെ കാണാതായതോടെയാണ് ചതിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. 

തുടർന്ന് ആലപ്പുഴ കൈനകരി സ്വദേശിയായ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പല തവണകളായി രണ്ടരലക്ഷം രൂപയും തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ പേരിലുള്ള വ്യാജ ഉത്തരവുകളും ഇയാൾ തയാറാക്കി നൽകിയിരുന്നു. എറണാകുളത്ത് നിന്നാണ് അനിൽകുമാർ ആലപ്പുഴ സൗത്ത് പൊലീസിന്റെ പിടിയിലായത്. ഇയാൾ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. 

Hot Topics

Related Articles