എന്റെ ജോൺ പോൾ സാറ് മരിച്ചതല്ല ,നമ്മുടെ വ്യവസ്ഥിതി കൊന്നതാണ് ! വീട്ടിൽ വീണ് കിടന്ന ജോൺ പോളിനെ അഗ്നിരക്ഷാ സേനയും ആംബുലൻസുകാരും തിരിഞ്ഞ് നോക്കിയില്ല : വിവാദമായി ജോളി ജോസഫിന്റെ പോസ്റ്റ്

കൊച്ചി : തിരക്കഥാകൃത്ത് ജോൺപോളിന്റെ സംസ്കാരത്തിന് ശേഷം ഇദേഹത്തിന്റെ മരണത്തെച്ചൊല്ലിയുള്ള വിവാദത്തിന് തിരി കൊളുത്തി സിനിമാ നടൻ ജോളി ജോസഫിന്റെ പോസ്റ്റ്. എന്റെ ജോൺ പോൾ സാറ് മരിച്ചതല്ല ,നമ്മുടെ വ്യവസ്ഥിതി കൊന്നതാണ് ! – എന്ന് ആരംഭിക്കുന്ന ഫെയ്സ്ബുക് പോസ്റ്റിൽ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. കഴിഞ്ഞ ജനുവരി 21ന് വീട്ടിൽ വീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് സംബന്ധിച്ചുള്ള ആരോപണങ്ങളാണ് ജോണി തന്റെ പോസ്റ്റിൽ എഴുതിയിരിക്കുന്നത്.

Advertisements

ജോളിയുടെ പോസ്റ്റ് ഇങ്ങനെ –
എന്റെ ജോൺ പോൾ സാറ് മരിച്ചതല്ല ,നമ്മുടെ വ്യവസ്ഥിതി കൊന്നതാണ് !
കഴിഞ്ഞ ജനുവരി 21 ന് പ്രശസ്ത സംവിധായകൻ വൈശാഖിന്റെ ‘ മോൺസ്റ്റർ ‘ എന്ന സിനിമയിൽ ഒരു ചെറിയ പ്രത്യേക തരം വേഷം ചെയ്യാൻ എന്നെ വിളിച്ചിരുന്നു … ഒരുപാട് ആളുകൾ ഉള്ള ഒരു രാത്രി മാർക്കറ്റ് ആയിരുന്നു മട്ടാഞ്ചേരിയിൽ സെറ്റിട്ടത് .. കഥാപാത്രത്തിന്റെ വേഷവിധാനങ്ങളോടെ നിന്ന എന്നെ ജോൺ സാറ് വളരെ പ്രയാസത്തോടെ പരവേശത്തോടെ ഏകദേശം എട്ട് മണിയോടെ ഫോണിൽ വിളിച്ചു ” അത്യാവശ്യമായി വീട്ടിലേക്ക് വരണം , കട്ടിലിൽ നിന്നും ഞാൻ താഴെ വീണു , എനിക്ക് ഒറ്റയ്ക്ക് എണീക്കാൻ പറ്റില്ല … ആരെയെങ്കിലും കൂടെ വിളിച്ചോളൂ … ” എന്റെ സങ്കടങ്ങൾ കേൾക്കുന്ന ഗുരുസ്ഥാനീയനായ ജോൺ സാറിന്റെ സങ്കടം എനിക്ക് കൃത്യമായി മനസ്സിലായി .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏകദേശം ഇരുനൂറോളം ആളുകളെ പങ്കെടിപ്പിച്ചിട്ടുള്ള ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും യാതൊരു കാരണവശായാലും എനിക്കൊഴിയാനാകില്ലെന്നറിഞ്ഞു ഞാൻ പെട്ടെന്ന് ആത്മസുഹൃത്തും നടനുമായ കൈലാഷിനെ വിളിച്ചു … ! ജയരാജ് സാറിന്റെ പടത്തിലെ ഷൂട്ടിംഗ് കഴിഞ്ഞു വീട്ടിലെത്തിയ കൈലാഷ് കുടുംബവുമായി അത്താഴം കഴിക്കാൻ പുറത്തെത്തേക്കിറങ്ങിയ സമയത്താണ് എന്റെ വിളി …ഉടനെ അവൻ കുടുംബവുമായി ജോൺ സാറിന്റെ വീട്ടിലേക്ക് കുതിച്ചു …. ഞാൻ ഫോണിൽ ജോൺ സാറിനോട് സംസാരിച്ചു സമാധാനിപ്പിച്ചുകൊണ്ടിരുന്നു … വെറും ഇരുപതു മിനിറ്റുകൊണ്ട് അവർ സാറിന്റെ വീട്ടിലെത്തിയപ്പോൾ കട്ടിലിൽ നിന്നും വീണ് തണുത്ത നിലത്തുകിടക്കുന്ന സാറിനെ ഉയർത്താനുള്ള വഴികൾ നോക്കി ….പക്ഷെ ദേഹഭാരമുള്ള സാറിനെ ഉയർത്താൻ അവർക്ക് സാധിച്ചില്ല …! ഉടനെ അവർ ഒട്ടനവധി ആംബുലൻസുകാരെ വിളിച്ചു , പക്ഷെ അവർ ഇങ്ങിനെയുള്ള ജോലികൾ ചെയ്യില്ലത്രേ , ആശുപത്രിയിൽ കൊണ്ടുപോകാൻ മാത്രമേ അവർ വരികയുള്ളൂ എന്നാണ് മറുപടി കിട്ടിയത് . ഒരല്പം ഭയന്നിരുന്ന സാറിന്റെ അരികിൽ ബെഡ് ഷീറ്റുകളും തലയിണകളുമായി കൈലാഷ് കൂട്ടിനിരുന്നപ്പോൾ , അവന്റെ ഭാര്യ ദിവ്യ എറണാകുളത്തുള്ള എല്ലാ ഫയർ ഫോഴ്‌സുകാരെയും വിളിച്ചു കാര്യം പറഞ്ഞു കൊണ്ടിരുന്നു …. അവരുടെ മറുപടി ” ഇത്തരം ആവശ്യങ്ങൾക്ക് ആംബുലൻസുകാരെ വിളിക്കൂ , ഞങ്ങൾ അപകടം ഉണ്ടായാൽ മാത്രമേ വരികയുള്ളൂ ” എന്നായിരുന്നു …!

പോലീസ് കൺട്രോൾ റൂമിൽ ബന്ധപ്പെട്ടപ്പോൾ പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ രണ്ടു ഓഫീസർമാർ വീട്ടിലെത്തി …പക്ഷെ നാല് പേര് ചേർന്നാലും ഒരു സ്‌ട്രെച്ചർ ഇല്ലാതെ സാറിനെ ഉയർത്തുക അപകടമുള്ള പ്രയാസമായ കാര്യമായതിനാൽ പോലീസ് ഓഫീസർമാരും ആംബുലൻസുകാരെയും ഫയർ ഫോഴ്‌സിനെയും വിളിച്ചു …പക്ഷെ ആരും തിരിഞ്ഞു നോക്കിയില്ല , എല്ലാവരും നിരാശരായി , സമയം പോയിക്കൊണ്ടിരുന്നു … അതിനിടയിൽ അവിടെ വന്ന പോലീസുകാർ മടങ്ങിപ്പോയി …! തണുത്ത നിലത്ത് കിടന്ന സാറിന്റെ ദേഹം മരവിക്കാൻ തുടങ്ങി , കയ്യിൽ കിട്ടിയ തുണികളും ഷീറ്റുകളുമായി കൈലാഷ് സാറിനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു . ദിവ്യ വീണ്ടും ആംബുലൻസുകാരെയും ഫയർഫോഴ്‌സുകാരെയും കെഞ്ചി വിളിച്ചുകൊണ്ടിരുന്നു , ആരും വന്നില്ല എന്നതാണ് സത്യം . അതിനിടയിൽ കൈലാഷിന്റെ വിളിയിൽ നടൻ ദിനേശ് പ്രഭാകർ പാഞ്ഞെത്തി . കൂറേ കഴിഞ്ഞപ്പോൾ പാലാരിവട്ടം സ്റ്റേഷനിലെ നല്ലവരായ ആ ഓഫീസർമാർ എറണാകുളം മെഡിക്കൽ സെന്ററിലെ ഒരു ആംബുലൻസുമായി വന്നു … പിന്നെ എല്ലാവരുടെയും സഹായത്തോടെ വളരെ കഷ്ടപ്പെട്ട് സാറിനെ കട്ടിലിലേക്ക് കിടത്തുമ്പോൾ സമയം രണ്ട് മണി വെളുപ്പ് ആയിരുന്നു.

അന്നത്തെ ആഘാതം സാറിൽ ഉണ്ടാക്കിയ പ്രശ്നങ്ങൾ ചെറുതല്ല. അവിടെ നിന്നും തുടങ്ങിയ ഓരോരോ പ്രശ്നങ്ങൾ ഉറക്കമില്ലാത്ത രാത്രികൾ മൂന്നു ആശുപത്രികൾ സാമ്പത്തീക ബുദ്ധിമുട്ടുകൾ.. ആദരണീയനായ സാനു മാഷിന്റെ സ്വന്തം കൈപ്പടയിലെ എഴുത്തുമായി ഞാനും കൈലാഷും തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി അത്യാവശ്യം സഹായങ്ങൾ ലഭിച്ചെങ്കിലും എല്ലാം വിഫലം, അദ്ദേഹം വിട്ടുപിരിഞ്ഞുപോയീ …!

‘ നമുക്ക് എന്തെങ്കിലും ചെയ്യണം ‘ ജോൺ സാറ് എന്നോട് അവസാനമായി പറഞ്ഞതാണ് …അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു …എനിക്കും നിങ്ങൾക്കും വയസാകും , നമ്മൾ ഒറ്റക്കാകും എന്ന് തീർച്ച . ഒരത്യാവശ്യത്തിന് ആരെയാണ് വിളിക്കേണ്ടത്? ആരാണ് വിളി കേൾക്കുക , സഹായിക്കുക .. നമുക്കെല്ലാവർക്കും ചിന്തിക്കണം പ്രവർത്തിക്കണം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ നാമധേയത്തിൽ , അധികാരികൾ ഉണ്ടായാലും ഇല്ലെങ്കിലും ഒരു കൈസഹായ പദ്ധതി ഉടനെ ആവിഷ്കരിക്കണം ….!

എന്റെ അനുഭവങ്ങളും കഥകളും സങ്കടങ്ങളും കേൾക്കാൻ,എന്നെ ശാസിക്കാൻ ഒരുപാട് യാത്രകൾക്ക് കൂടെയുണ്ടായിരുന്ന സാറ് ഇനി ഉണ്ടാവില്ലെന്നത് എന്നെ കരയിപ്പിക്കുന്നു . അന്തരിക്കുമ്പോൾ അനുശോചനം അറിയിക്കാൻ ആയിരങ്ങളേറെ , ആവശ്യത്തിന് അര ആളുപോലും ഇല്ലാത്ത ഒരവസ്ഥ ഇനി ആർക്കും ഉണ്ടാകരുത്‌ … ! എന്റെ ജോൺ പോൾ സാറ് മരിച്ചതല്ല , നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്.. !

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.