കോട്ടയം : കേരളത്തിൽ ഒരു തുടർഭരണം എന്നത് ഉമ്മൻ ചാണ്ടിയുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം തകർത്തത് ഫ്രാൻസിസ് ജോർജും കൂട്ടരുമാണ് എന്ന് കേരള കോൺഗ്രസ് എം നേതാവ് ജോണി നെല്ലൂർ. കോട്ടയത്ത് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ മാധ്യമങ്ങളെ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു ജോണി നെല്ലൂർ . ഉമ്മൻ ചാണ്ടിയെ വഞ്ചിച്ച ആ ഫ്രാൻസിസ് ജോർജിന് വേണ്ടി വോട്ട് പിടിക്കാൻ കോൺഗ്രസ് പ്രവർത്തകർക്ക് എങ്ങനെ സാധിക്കുന്നു എന്ന് അവർ മറുപടി പറയണം.
ഉമ്മൻ ചാണ്ടിയെ വഞ്ചിച്ച ഫ്രാൻസിസ് ജോർജ് ചാണ്ടിയുടെ കല്ലറയിലെത്തി മാപ്പു പറയണം. അതിന് ശേഷം മാത്രമേ തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാവു. കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ വോട്ടർ പോലുമല്ലാത്ത ഫ്രാൻസിസിനെ സ്ഥാനാർത്ഥിയാക്കിയത് ശരിയായില്ല ഇത് ജോസഫ് ഗ്രൂപ്പിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതിൻ്റെ പ്രതിഫലനങ്ങൾ അധികം താമസിയാതെ പുറത്ത് വരും. ജോസഫ് ഗ്രൂപ്പിൽ പ്രവർത്തകരെല്ലാം ഈ സ്ഥാനാർത്ഥി നിർണയത്തിൽ നല്ല അതൃപ്തിയിലാണ്. അതിൻ്റെ പ്രതിഫലനങ്ങൾ തിരഞ്ഞെടുപ്പിലുണ്ടാവുമെന്നും ജോണി നെല്ലൂർ പറഞ്ഞു.