കോട്ടയം : കേരളത്തിലെ മഴയിലും കാലാവസ്ഥയിലും ഉണ്ടായ മിന്നൽ പ്രളയം എന്ന പ്രതിഭാസം നിയന്ത്രിക്കാൻ ദീർഘദൂര പദ്ധതി ആവിഷ്കരിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി എം പി. വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി പുതുവഴികൾ കണ്ടെത്തുന്നതിന്റെ ഭാഗമായി കേരള കോൺഗ്രസ് എം സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിലെ നദികളുടെ അടിത്തട്ടിൽ ചെളി അടിഞ്ഞു കിടക്കുകയാണ്. ഈ ചെളി നീക്കം ചെയ്യാനുള്ള നടപടികൾ ഉണ്ടാകുകയാണ് ആദ്യം വേണ്ടത്. നദികളുടെ ആഴം വർദ്ധിക്കണം. മീനച്ചിലാറ്റിലും മറ്റു പ്രദേശങ്ങളിലും ഒറ്റ മഴകൊണ്ടു തന്നെ വെള്ളം നിറയുന്ന സാഹചര്യമാണ്. ഇത്തരത്തിൽ കയറുന്ന വെള്ളം അതിവേഗമാണ് ഇറങ്ങിപ്പോകുന്നത്. അപ്പോഴേക്കും കനത്ത നാശനഷ്ടം ഉണ്ടാക്കി കഴിയും. ഇത്തരത്തിൽ മിന്നൽ പ്രളയവും വെള്ളപ്പൊക്കവും അടിക്കടി ഉണ്ടാകുന്നത് നാടിനെ ബുദ്ധിമുട്ടിക്കുകയാണ്. ഈയൊരു അവസ്ഥയ്ക്ക് മാറ്റം വരാനാണ് കേരള കോൺഗ്രസ് സിമ്പോസിയം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. സിമ്പോസിയത്തിൽ ഉയർന്ന ആശയങ്ങൾ പ്രളയം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സർക്കാരിന് കൈമാറുമെന്ന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് ലോപ്പസ് മാത്യു പറഞ്ഞു. മിന്നൽ പ്രളയങ്ങൾ അടിക്കടി ഉണ്ടാകുന്നത് നാടിൻറെ സാമൂഹിക സാമ്പത്തിക മേഖലയെ അടക്കം തകർക്കുന്നുണ്ട്. ഇത് പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കേരള കോൺഗ്രസ് എം രംഗത്ത് ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, എം എൽ എ മാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തിങ്കൽ ,സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ, മീനച്ചിലാർ മീനന്തരയാർ നദി സംയോജന പദ്ധതി കോഡിനേറ്റർ അഡ്വ. കെ അനിൽകുമാർ , കുട്ടനാട് അന്തർദേശീയ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ ജി പത്മകുമാർ, എം ആർ വി പി എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ശ്രീകല, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് പാലാ യൂണിറ്റ് പ്രസിഡൻറ് ജോൺ മൈക്കിൾ എന്നിവർ വിഷയാവതരണം നടത്തി. കേരള കോൺഗ്രസ് ഉന്നതാധികാര സമതിയംഗം വിജി എം തോമസ്,ജില്ലാ ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ, നിയോജക മണ്ഡലം പ്രസിഡൻ്റ് ജോജി കുറത്തിയാടൻ എന്നിവർ പങ്കെടുത്തു.
മിന്നൽ പ്രളയം നിയന്ത്രിക്കാൻ ദീർഘകാല പദ്ധതി ഉണ്ടാവണം : ജോസ് കെ മാണി എംപി

Advertisements