ന്യൂസ് ഡെസ്ക് : കേരള പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർക്ക് വേണ്ടി സംഘടിപ്പിക്കുന്ന ജേർണലിസ്റ്റ് ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണ് തിങ്കളാഴ്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ തുടക്കമാകും. പത്രപ്രവർത്തക യൂണിയനു കീഴിലുള്ള ജില്ലാ പ്രസ് ക്ലബ്ബുകളുടെ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ടൂർണമെന്റ് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ. അനിൽ മുഖ്യാതിഥിയാകും. ആന്റണി രാജു എംഎൽഎ, മുൻമന്ത്രി വി.എസ്. ശിവകുമാർ, ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് തുടങ്ങി തലസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.
ശുചിത്വ കേരള മിഷനുമായി സഹകരിച്ചു പൂർണമായും ഹരിത ചട്ടം പാലിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 8.30ന് ഇടുക്കി പ്രസ് ക്ലബ്ബും കണ്ണൂർ പ്രസ് ക്ലബ്ബും തമ്മിലുള്ള മത്സരത്തോടെയാണ് ടൂർണമെന്റ് ആരംഭിക്കുക. ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ച് ലീഗ് അടിസ്ഥാനത്തിലാണ് ടൂർണമെന്റ്. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ 21ന് നടക്കും. തൊടുപുഴയിൽ നടന്ന ജെസിഎൽ ഒന്നാം സീസണിൽ തിരുവനന്തപുരം ജില്ലാ ടീം ചാമ്പ്യൻമാരായിരുന്നു.