ദില്ലി: വഖഫ് ബില്ലിലെ സംയുക്ത പാർലമെന്ററി യോഗത്തിൽ വാക്കേറ്റം. ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയുമായുള്ള രൂക്ഷമായ വാക്കേറ്റത്തിനിടെ തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജിക്ക് പരിക്കേറ്റു. ചർച്ചയ്ക്കിടെ കല്യാൺ ബാനർജി ചില്ലുകുപ്പി എടുത്ത് മേശയിൽ എറിഞ്ഞുടച്ചു. സംഭവത്തിൽ ബാനർജിയുടെ തള്ളവിരലിനും ചൂണ്ടുവിരലിനും പരിക്കേറ്റിട്ടുണ്ട്. ഇതിനു പിന്നാലെ ബാനർജിയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ബിജെപിയുടെ ജഗദാംബിക പാൽ അധ്യക്ഷയായ സമിതി വിരമിച്ച ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭിപ്രായം കേൾക്കുന്നതിനിടെയായിരുന്നു സംഭവം. വഖഫ് സംയുക്ത പാർലമെന്ററി സമിതിയിൽ നിന്ന് ഒരു ദിവസത്തേക്കാണ് ബാനർജിയെ സസ്പെൻഡ് ചെയ്തത്. ബാനർജിയുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് വോട്ടെടുപ്പിലൂടെയാണ് തീരുമാനമെടുത്തതെന്നും തൃണമൂൽ എംപിയുടെ സസ്പെൻഷനെ അനുകൂലിച്ച് ഒമ്പതും എതിർത്ത് ഏഴ് വോട്ടും ലഭിച്ചെന്നും അധികൃതർ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാനർജിയുടെ വിരലുകളിൽ നാല് തുന്നലുകൾ ഇടേണ്ടി വന്നതായാണ് റിപ്പോർട്ട്. സംഭവത്തെത്തുടർന്ന് പാർലമെൻ്റ് അനക്സിൽ നടന്ന യോഗം അൽപനേരം നിർത്തിവെക്കേണ്ടി വന്നു. ഇതിനിടെ, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ജെപിസിയിൽ ബില്ലിലെ പിഴവുകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ഒരു മണിക്കൂറോളം നീണ്ട അവതരണം നടത്തി.
തുടർന്ന് ബിജെപി അംഗങ്ങളും ഒവൈസിയും തമ്മിലും വാക്കേറ്റമുണ്ടായി.
അതേസമയം, കഴിഞ്ഞ ആഴ്ചയും കല്യാൺ ബാനർജി ബിജെപി എംപിമാരായ നിഷികാന്ത് ദുബെ, ദിലീപ് സൈകിയ, അഭിജിത് ഗംഗോപാധ്യായ എന്നിവരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ബിജെപി എംപിമാർ അപകീർത്തികരമായ പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.
ജഗദാംബിക പാൽ ചട്ടങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നില്ലെന്നും ബിജെപി എംപിമാർക്കെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ചില പ്രതിപക്ഷ അംഗങ്ങൾ ജെപിസി ചെയർപേഴ്സനെ ഭീഷണിപ്പെടുത്തുകയും ചില രേഖകൾ വലിച്ചുകീറുകയും ചെയ്തതായി ആരോപിച്ച് ബിജെപി നേതാവ് തേജസ്വി സൂര്യ ലോക്സഭാ സ്പീക്കർക്ക് കത്തയച്ചിട്ടുണ്ട്.