കേരളം 2018 ൽ നേരിട്ട മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ് ആൻറണി ജോസഫ് ഒരുക്കുന്ന സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. 2018 എവരിവൺ ഈസ് എ ഹീറോ എന്നാണ് സിനിമയുടെ പേര്, ചെറുതോണി ഡാം ചിത്രീകരിച്ചിരിക്കുന്നതിൻറെ പശ്ചാത്തലത്തിലാണ് പോസ്റ്ററിലെ ടൈറ്റിൽ. പൃഥ്വിരാജും ഫഹദ് ഫാസിലും ചേർന്നാണ് സോഷ്യൽ മീഡിയയിലൂടെ സിനിമയുടെ പേര് പ്രഖ്യാപിച്ചത്. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, കലൈയരസൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൌതമി നായർ എന്നീ പേരുകൾ പുറത്തെത്തിയ പോസ്റ്ററിൽ ഉണ്ട്. ജൂഡ് ആൻറണി ജോസഫ് തന്നെ രചനയും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറെ നിർമ്മാണം വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആൻറോ ജോസഫ് എന്നിവർ ചേർന്നാണ്.
നാല് വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 2018 ഒക്ടോബർ 16ന് ഞാൻ ഒരു സിനിമ അനൌൺസ് ചെയ്തിരുന്നു. ജാതി മത പാർട്ടിഭേദമന്യേ മലയാളികൾ ഒന്നായി വെള്ളപ്പൊക്കത്തിനെ നേരിട്ടതിനെക്കുറിച്ചൊരു വലിയ സിനിമ. കഥ കേട്ട പലരും നെറ്റി ചുളിച്ചു, മിക്ക സാങ്കേതിക പ്രവർത്തകരും ഇത് ഷൂട്ട് ചെയ്യുന്നത് അസാധ്യമാണ് എന്ന് വരെ പറഞ്ഞു. കൂടെ എഴുതിയ അഖിൽ പി ധർമജൻ, എൻറെ അനിയൻ അവൻ മാത്രം എന്നെ ആശ്വസിപ്പിച്ചുക്കൊണ്ടിരുന്നു. കാലം കടന്ന് പോയി, കോവിഡ് വന്നു. ഈ സിനിമ എല്ലാവരും മറന്നു. പക്ഷേ എനിക്കുറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഈ സ്വപ്നം വെറുതെ വിടാൻ മനസനുവദിച്ചില്ല. മിക്കരാത്രികളിലും ചിന്തകൾ, ചിലപ്പോ നിരാശ. കരഞ്ഞ് തളർന്നുറങ്ങിയിട്ടുണ്ട് ചില രാത്രികളിൽ. കാണുന്നവരുടെ മുഖത്ത് പുച്ഛം കണ്ടു തുടങ്ങി. ചിലർ മുഖത്ത് നോക്കി ആ സിനിമ ഉപേക്ഷിച്ചല്ലേ, നന്നായി എന്ന് വരെ പറഞ്ഞു. ചേർത്ത് നിർത്തിയത് കുടുംബം മാത്രം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ സാറാസ് സംഭവിച്ചു. അതൊരു ഊർജമായിരുന്നു. വീണ്ടും ഞാൻ കച്ച കെട്ടിയിറങ്ങി. ആൻറോ ചേട്ടൻ എന്ന വലിയ മനുഷ്യൻ കൂടെ കട്ടക്ക് നിന്നു. എപ്പോ വിളിച്ചാലും വിളിപ്പുറത്ത് ഒരു ചേട്ടനെപ്പോലെ താങ്ങിനിർത്തി. പിന്നെ വേണു സർ ഒരു ദൈവദൂതനെപ്പോലെ അവതരിച്ചു. കലയും സമ്പത്തും എളിമയും മനുഷ്വത്വവും ദൈവം ഒരുമിച്ച് കൊടുത്തിട്ടുള്ള ദൈവത്തിൻറെ ദൂതൻ. ഞാൻ ഓർക്കുന്നു, വേണു സർ ഈ സിനിമ ചെയ്യാം എന്ന് പറഞ്ഞ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല. ഇത്തവണ സന്തോഷം കൊണ്ട്. ചങ്കും വിരിച്ച് ഒരു കലാസംവിധായകൻ മോഹൻദാസ്, എൻറെ മണിചേട്ടൻ, അഖിൽ ജോർജ് എന്ന സഹോദരതുല്യനും പ്രതിഭയുമായ ഛായാഗ്രാഹകൻ , എഡിറ്റർ ചമൻ എന്നിങ്ങനെ ഒരുഗ്രൻ ടീമിനെ തന്നെ കിട്ടി. (പോസ്റ്റ് നീളും എന്നോർത്താണ് എല്ലാവരുടെയും പേരുകൾ എഴുതാത്തത്).
ഇന്നീ നിമിഷം ഞാൻ മനസ് നിറഞ്ഞാണ് നിൽക്കുന്നത്. ചങ്കിൽ തൊട്ട് ഞാൻ പറയുന്നു, ഞങ്ങളുടെ ശരീരവും മനസും എല്ലാം കഴിഞ്ഞ 6 മാസത്തെ ഷൂട്ടിംഗിനു വേണ്ടി കൊടുത്തിട്ടുണ്ട്. ഇത് ഒരു ഊർജമാണ്. നമ്മളുടെ സ്വപ്നങ്ങളുടെ പിറകെ പോകുക, എന്തുതന്നെ ആയാലും, മറ്റുള്ളവർ എന്തുതന്നെ പറഞ്ഞാലും, നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക. ഈ മുഴുവൻ പ്രപഞ്ചവും അത് സാധ്യമാക്കാൻവേണ്ടി നിങ്ങൾക്കൊപ്പം നിൽക്കും.കാവ്യ ഫിലിംസ് ഇന്ന് മലയാള സിനിമക്ക് ഒരു മുതൽക്കൂട്ടാണ്. നല്ല നല്ല സിനിമകൾ ചെയ്യാൻ നമുക്കെല്ലാവർക്കും തരുന്ന വലിയൊരു ശക്തി. വേണു സാറും ആൻറോ ചേട്ടനും പത്മകുമാർ സാറും ചേർന്നവതരിപ്പിക്കുന്നു. 2018 എവരിവൺ ഈസ് എ ഹീറോ. കേരളത്തെ മുക്കിക്കളഞ്ഞ 2018ലെ പ്രളയത്തെ ഒരുമിച്ച് നിന്ന് പോരാടിയ ധൈര്യശാലികളായ മലയാളികളുടെ കഥ.