ന്യൂയോര്‍ക്ക് : ഖാലിസ്ഥാൻ ഭീകരൻ ഹര്‍ദീപ് സിംഗ് നിജ്ജറുടെ വധവുമായി ബന്ധപ്പെട്ട് കാനഡ ഇന്ത്യക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിയും ഭീകരരെ സംരക്ഷിക്കുന്ന കനേഡിയൻ നയത്തെ കടന്നാക്രമിച്ചും വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉന്നയിച്ച വാദങ്ങള്‍ തെറ്റാണെന്നും ഇന്ത്യയുടെ നയം അതല്ലെന്നും ന്യൂയോര്‍ക്കില്‍ നടന്ന കൗണ്‍സില്‍ ഓണ്‍ ഫോറിൻ റിലേഷൻസ് പരിപാടിക്കിടെ മാദ്ധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു.
അതേ സമയം, താൻ ഫൈവ് ഐസിന്റെയോ എഫ്.ബി.ഐയുടെ ഭാഗമല്ലെന്നും അവയുമായി ബന്ധപ്പെട്ട വിഷയത്തില്‍ താൻ എങ്ങനെ മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. നിജ്ജര്‍ വധവുമായി ബന്ധപ്പെട്ട് ഫൈവ് ഐസ് സഖ്യ രാജ്യങ്ങള്‍ക്കിടയില്‍ രഹസ്യവിവരങ്ങള്‍ പങ്കുവച്ചതുമായി ബന്ധപ്പെട്ട മാദ്ധ്യമ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫൈവ് ഐസ് ഇന്റലിജൻസ് കൂട്ടായ്മയില്‍ പങ്കുവച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രൂഡോ ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് കാനഡ അവകാശപ്പെട്ടിരുന്നു. കാനഡയിലെ യു.എസ് അംബാസഡര്‍ ഡേവിഡ് കോഹനും ഈ വാദത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ എന്തുതരം വിവരങ്ങളാണ് പങ്കിട്ടതെന്നോ ഇവ എവിടെ നിന്ന് ലഭിച്ചെന്നോ കാനഡ വ്യക്തമാക്കിയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യു.എസ്, യു.കെ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, കാനഡ എന്നീ രാജ്യങ്ങളാണ് ഫൈവ് ഐസിലെ അംഗങ്ങള്‍. വ്യക്തമായ തെളിവുകള്‍ കാനഡ കൈമാറിയാല്‍ പരിശോധിക്കാൻ തയാറാണെന്നും കാനഡയോട് ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാനഡയില്‍ ഉയരുന്ന സംഘടിത കുറ്റകൃത്യങ്ങളിലേക്ക് ജയശങ്കര്‍ വിരല്‍ചൂണ്ടി. ഇത്തരം അക്രമങ്ങള്‍ വിഘടനവാദ ശക്തികള്‍, തീവ്രവാദം എന്നിവയുമായി ഇവ ബന്ധപ്പെട്ടിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ താത്പര്യങ്ങള്‍ മുൻനിർത്തി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജസ്റ്റിൻ ട്രൂഡോ ഭരണകൂടം മൗനം പാലിക്കുന്നതിലുള്ള ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
ഖാലിസ്ഥാൻ അനുകൂല ഘടകങ്ങളോട് കാനഡ മൃദുസമീപനം പുലര്‍ത്തുന്നതിനെതിരെ ഇന്ത്യ ഇതിന് മുൻപും രംഗത്തെത്തിയിരുന്നു. കാനഡയിലെ സംഘടിത കുറ്റകൃത്യ നേതൃത്വങ്ങളെ കുറിച്ച് ധാരാളം വിവരങ്ങള്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്. നിരവധി പേരെ തങ്ങള്‍ക്ക് കൈമാറണെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കാനഡയിലെ നിരവധി തീവ്രവാദ നേതാക്കളെ തങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. ഇവരുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം കാനഡയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.